പ്രതാപ് പോത്തന്‍ അന്തരിച്ചു

Web Desk
1 Min Read

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

city exchange

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്ത പ്രതാപ് പോത്തന്‍ തകര, ലോറി, ചാമരം എന്നീ ക്ലാസിക്കുകള്‍ അടക്കം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്റെ അഭിനയം കണ്ടാണ് ഭരതന്‍ ആരവത്തിലേക്ക് ക്ഷണിച്ചത്. നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു തുടങ്ങിയ സിനിമകളിലെ അഭിനയം അദ്ദേഹത്തെ തമിഴില്‍ പ്രശസ്തനാക്കി.

- Advertisement -
Ad image

1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അയാളും ഞാനും തമ്മില്‍, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ് എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഋതുഭേദം, ഡെയ്സി, യാത്രാമൊഴി എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമകള്‍. തെലുങ്കില്‍ ചൈതന്യ, തമിഴില്‍ ജീവ, വെട്രിവിഴ, ലക്കിമാന്‍ തുടങ്ങിയ സിനിമകളും സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ചെന്നൈ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍ നടക്കും.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ബിസിനസുകാരനുമായ കുളത്തുങ്കല്‍ പോത്തന്റെ മകനായി 1952ല്‍ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും പഠിച്ച അദ്ദേഹം മുംബൈയില്‍ പരസ്യ ഏജന്‍സിയില്‍ കോപ്പി എഡിറ്ററായാണ് കരിയര്‍ ആരംഭിച്ചത്.

മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുള്ള പ്രതാപ് പോത്തന്‍ ചലച്ചിത്ര താരം രാധികയെയാണ് ആദ്യം വിവാഹം ചെയ്തത്. പിന്നീട് വിവാഹ മോചിതനായ അദ്ദേഹം അമല സത്യനാഥിനേയും വിവാഹം ചെയ്‌തെങ്കിലും പിരിയുകയായിരുന്നു. കേയ എന്ന മകളുണ്ട്. നിര്‍മാതാവ് ഹരി പോത്തന്‍ സഹോദരനാണ്.

മമ്മൂട്ടി നായകനായ സി ബി ഐ 5 ആണ് അവസാനം റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രം. മോഹന്‍ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ബറോസിലാണ് അവസാനം അഭിനയിച്ചത്.

Share This Article
Leave a Comment
error: Content is protected !!