

ദോഹ: പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വീസ് കാര്‍ണിവല്‍ നവംബര്‍ 29ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വക്‌റ ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി നടക്കുക.

പ്രവാസി മലയാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘം എന്ന നിലയില്‍ പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികളില്‍ ഏറെ വ്യത്യസ്തമാണ് സര്‍വീസ് കാര്‍ണിവല്‍. പ്രവാസികളുടെ കാതലായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് കാര്‍ണിവല്‍ സംവിധാനം ചെയ്തിരിക്കുന്നത്.

പ്രവാസികളുടെ സാമ്പത്തികം, നിക്ഷേപം, ആരോഗ്യം, തൊഴില്‍ നൈപുണ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്‍ണിവല്‍, പ്രവാസികള്‍ക്ക് ഉപകരിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍, വിവിധ ഏജന്‍സികളുടേയും സ്ഥാപനങ്ങളുടേയും സേവനങ്ങള്‍ എന്നിവയുടെ ആധികാരിക വിവരങ്ങളും സേവനങ്ങളും നല്‍കുന്നതായിരിക്കും.
ഖത്തറിലെ സര്‍ക്കാര്‍- സര്‍ക്കാറേതര സ്ഥാപനങ്ങളുടെ സേവനങ്ങളെ കൂടി പരിചയപ്പെടാന്‍ ഉപകരിക്കുന്ന കാര്‍ണിവല്‍ സേവനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ വ്യത്യസ്ത സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കും.
കാര്‍ണിവലില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, സാമ്പത്തിക വിദഗ്ധരായ നിഖില്‍ ഗോപാലകൃഷ്ണന്‍, ഷഫീഖ് സി പി, ഹാരിസ് പടിയത്ത്, വിദ്യാഭ്യാസ പ്രവര്‍ത്തകനും ഗവേഷകനുമായ എന്‍ എം ഹുസൈന്‍, കരിയര്‍ വിദഗ്ധന്‍ സുലൈമാന്‍ ഊരകം, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, അപെക്‌സ് ബോഡി പ്രസിഡന്റുമാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 5.15ന് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിര്‍വഹിക്കും.
പ്രത്യേകം സജ്ജീകരിച്ച ടെന്റില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വിവിധ വിഷയങ്ങളിലുള്ള അന്‍പതോളം സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. കേരള സര്‍ക്കാറിന്റെ നോര്‍ക്ക അംഗത്വം, പ്രവാസി പെന്‍ഷന്‍, ഐ സി ബി എഫ് ഇന്‍ഷൂറന്‍സ്, കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പ്രവാസി സേവന പരിപാടികള്‍ എന്നിവയെ കുറിച്ച് അറിയാനും അംഗത്വമെടുക്കാനും കാര്‍ണിവലില്‍ സൗകര്യമുണ്ടാകും.
പ്രാഥമിക ആരോഗ്യ പരിശോധന, ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന പഠന ക്ലാസും പരിശോധനയും, ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്നുള്ള രക്തദാനം തുടങ്ങിയ സൗകര്യങ്ങളും കാര്‍ണിവലില്‍ ഉണ്ടാകും.
സര്‍വീസ് കാര്‍ണിവലിന്റെ ഭാഗമായി നടന്ന എം ഐ എ ടെസറ്റില്‍ പങ്കെടുത്ത കുട്ടികളുടെ റിസര്‍ട്ട് അസസ്‌മെന്റ് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ നടക്കും. ഉച്ചക്ക് 12.30ന് വിവിധ സംഘടനാ ഭാരവാഹികളും മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവരും പങ്കെടുക്കുന്ന ഫൈനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പരിപാടിയില്‍ നിഖില്‍ ഗോപാലകൃഷ്ണന്‍, ഷഫീഖ് സി പി, ഹാരിസ് പടിയത്ത് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് അഞ്ച് മുതല്‍ നടക്കുന്ന കരിയര്‍ ആന്റ് എജുക്കേഷന്‍ സെഷനില്‍ എന്‍ എം ഹുസൈന്‍, സുലൈമാന്‍ ഊരകം എന്നിവര്‍ പങ്കെടുക്കും. രാത്രി 7.30ന് നടക്കുന്ന സമാപന പരിപാടിയില്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തും. നിഖില്‍ ഗോപാലകൃഷ്ണന്‍, എന്‍ എം ഹുസൈന്‍ എന്നിവര്‍ സംസാരിക്കും. പ്രവാസികള്‍ക്കുള്ള വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായകരമാകുന്ന പ്രവാസി ഡിജിറ്റല്‍ ആപ്പ് പ്രകാശനവും സമാപന പരിപാടിയില്‍ നടക്കും.
സര്‍വീസ് കാര്‍ണിവലിന്റെ ഭാഗമായി വൈകിട്ട് നാല് മണി മുതല്‍ സ്ട്രീറ്റ് കള്‍ച്ചറല്‍ പ്രോഗ്രാം കലാ സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. മുട്ടിപ്പാട്ട്, ശിങ്കാരിമേളം, മാജിക്ക് ഷോ, ഇന്‍സ്ട്രുമെന്റ് മ്യൂസിക്ക്, ഫ്‌ളാഷ് മോബ്, ഫണ്‍ കാര്‍ണിവല്‍, ഫേസ് പെയിന്റിംഗ്, തെരുവ് നാടകം തുടങ്ങിയവ അരങ്ങേറും.
കേരളത്തനിമ വിളിച്ചറിയിക്കുന്ന ഫുഡ് സ്റ്റാള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ചെടികളുടെ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികളും സര്‍വീസ് കാര്‍ണിവലിന്റെ ഭാഗമായി നടക്കും.
പത്താം വാര്‍ഷിക ഉപഹാരമായി പ്രവാസി വെല്‍ഫെയര്‍ താഴ്ന്ന വരുമാനക്കാരായ നൂറുപേര്‍ക്ക് കാര്‍ണിവല്‍ നഗരിയില്‍ നിന്നും സൗജന്യമായി നോര്‍ക്ക കാര്‍ഡ് നല്‍കും. ഖത്തറിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന കെ സി അബ്ദുറഹ്മാന്റെ പേരില്‍ ഖത്തറിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ പ്രത്യേക പുരസ്‌ക്കാരം കാര്‍ണിവലില്‍ സമ്മാനിക്കും.
പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ രണ്ടുപേര്‍ക്ക് വീട് നിര്‍മിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചീഫ് പാട്രണ്‍ പി എന്‍ ബാബുരാജന്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, പ്രവാസി വെല്‍ഫെയര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. താജ് ആലുവ, റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ കലാം, സര്‍വീസ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി, പ്രവാസി വെല്‍ഫെയര്‍ മീഡിയ സെക്രട്ടറി റബീഹ് സമാന്‍ എന്നിവര്‍ പങ്കെടുത്തു.

