

ലണ്ടന്‍: എയര്‍ ബസും ഖത്തര്‍ എയര്‍വേയ്‌സും തമ്മിലുള്ള തര്‍ക്കത്തില്‍ സുരക്ഷാ പ്രശ്‌നം നേരിടുന്ന തെളിവുകളൊന്നും തങ്ങള്‍ക്ക് കാണാനാവുന്നില്ലെന്ന് യൂറോപ്പിലെ ഉന്നത വ്യോമയാന സുരക്ഷാ റെഗുലേറ്റര്‍ പറഞ്ഞു. എ350 വിമാനങ്ങളിലെ പെയിന്റ് ഇളകിയതോ ഉപരിതലത്തുണ്ടായ പ്രശ്‌നളോ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിന് തെളിവുകളില്ലെന്നും വ്യോമയാന സുരക്ഷാ റെഗുലേറ്റര്‍ വിശദമാക്കുന്നു.

യൂറോപ്പിലെ ഏറ്റവും പുതിയ ദീര്‍ഘദൂര ജെറ്റ് വിമാനത്തിന്റെ പറക്കല്‍ യോഗ്യതയുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വെയ്‌സും എയര്‍ ബസും തമ്മില്‍ തര്‍ക്കത്തിലാണ്.

യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ പിന്തുണയുള്ള എയര്‍ബസ് തങ്ങളുടെ വിമാനങ്ങളിലെ പിഴവുകള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും അത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്ന കാര്യം നിഷേധിക്കുകയാണ്. മിന്നല്‍ സുരക്ഷാ കവചം ഉള്‍പ്പെടെ സംരക്ഷണം നല്കുന്നുണ്ടെന്നാണ് എയര്‍ബസ് പറയുന്നത്.
സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി എയര്‍ ബസിന്റെ എ350 വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ ഖത്തര്‍ എയര്‍വെയ്‌സിന് ദേശീയ റെഗുലേറ്ററിന്റെ പിന്തുണയുണ്ട്. എയര്‍ ബസില്‍ നിന്നും കൃത്യമായ വിശകലനം ലഭ്യമാകുന്നതുവരെ വരെ സുരക്ഷാ ആഘാതത്തെ കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഖത്തര്‍ എയര്‍വെയ്‌സിന്റേത്.
ലണ്ടന്‍ കോടതിയില്‍ ഒരു ബില്യന്‍ ഡോളറിലധികം നഷ്ടപരിഹാരമാണ് എയര്‍ ബസിനോട് ഖത്തര്‍ എയര്‍വെയ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പ്രതിദിനം നാല് മില്യന്‍ ഡോളര്‍ നഷ്ടപരിഹാരവും ആവശ്യത്തിലുണ്ട്.
തങ്ങള്‍ വിമാനം പരിശോധിച്ചതായും സുരക്ഷാ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്ന കാര്യങ്ങളൊന്നും തങ്ങള്‍ കണ്ടില്ലെന്നുമാണ് എയര്‍ സേഫ്റ്റി കോണ്‍ഫറന്‍സിന്റെ ഭാഗമായി വാഷിംഗ്ടണിലെത്തിയ ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് കൈ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

