

ദോഹ: ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സിന് 4.4 ബില്യന്‍ റിയാലിന്റെ അറ്റാദായം. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സാമ്പത്തിക രംഗത്തെ നേട്ടം വിവരിക്കുന്നത്.

ലോകത്തില്‍ വ്യോമയാന മേഖല കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോഴാണ് ഖത്തര്‍ എയര്‍വെയ്‌സ് നേട്ടം സ്വന്തമാക്കുന്നത്. ഗ്രൂപ്പിന്റെ ആകെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധിച്ച് 76.3 ബില്യണ്‍ റിയാലായി ഉയര്‍ന്നു.

യാത്രക്കാരില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 31 ശതമാനം ശേഷി വര്‍ധന, ഒന്‍പത് ശതമാനം ഉയര്‍ന്ന ആദായം, 80 ശതമാനം ലോഡ് വര്‍ധന തുടങ്ങി എയര്‍ലൈനിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഖത്തര്‍ എയര്‍വെയ്‌സ് കാഴ്ചവെച്ചത്.
യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71 ശതമാനമാണ് വര്‍ധനവുണ്ടായത്. ഉപഭോക്തൃ അനുഭവം, വിശ്വസ്തത, ഡിജിറ്റലൈസേഷന്‍, സുസ്ഥിരത എന്നിവയിലെ തുടര്‍ച്ചയായ ശ്രദ്ധയാണ് ഖത്തര്‍ എയര്‍വെയ്‌സിനെ മികവിലെത്തിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

