ഐടിയു ഐസിടി വികസന സൂചികയില്‍ ലോകത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയ രാജ്യങ്ങളില്‍ ഖത്തര്‍

Web Desk
2 Min Read

ദോഹ: അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ (ഐടിയു) 2026ലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ഐസിടി) ഡെവലപ്മെന്റ് ഇന്‍ഡക്‌സില്‍ (ഐഡിഐ) ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ വീണ്ടും ഇടം നേടി. 100ല്‍ 98.4 പോയിന്റ് നേടിയ ഖത്തര്‍ വിലയിരുത്തപ്പെട്ട 159 സമ്പദ്വ്യവസ്ഥകളില്‍ ആറാം സ്ഥാനത്താണ്. ഖത്തറിന്റെ കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയാണ് (സിആര്‍എ) ഇക്കാര്യം അറിയിച്ചത്.

city exchange

യൂണിവേഴ്സല്‍ കണക്റ്റിവിറ്റി വിഭാഗത്തില്‍ ഖത്തര്‍ പരമാവധി 100 പോയിന്റും മീനിങ്ഫുള്‍ കണക്റ്റിവിറ്റി വിഭാഗത്തില്‍ 96.7 പോയിന്റും നേടി. സ്ഥിര ബ്രോഡ്ബാന്‍ഡ് ഡാറ്റാ ട്രാഫിക്കിലും ഖത്തര്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ്. ഓരോ സബ്സ്‌ക്രിപ്ഷനും പ്രതിമാസം ശരാശരി 1,000 ജിബിക്ക് അടുത്താണ് ഡാറ്റാ ഉപയോഗം.

ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി വിപുലീകരണം, താങ്ങാനാവുന്ന ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍, വ്യാപകമായ ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഖത്തര്‍ കൈവരിച്ച തുടര്‍ച്ചയായ പുരോഗതിയാണ് നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് സി ആര്‍ എ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും നൂതനമായ ടെലികമ്യൂണിക്കേഷന്‍ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് ഖത്തറിനുള്ളത്. രാജ്യത്തെ 99 ശതമാനം ജനങ്ങള്‍ക്കും 5ജി നെറ്റ്വര്‍ക്ക് കവറേജും 100 ശതമാനം ജനസംഖ്യയ്ക്കും ഫൈബര്‍ നെറ്റ്വര്‍ക്ക് കവറേജും ലഭ്യമാണെന്നും സി ആര്‍ എ അറിയിച്ചു.

- Advertisement -
Ad image

കണക്റ്റിവിറ്റി പ്രകടനത്തിന്റെ ഉയര്‍ന്ന പരിധിയിലേക്ക് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട സൂചികകളില്‍ കൂടുതല്‍ പുരോഗതിക്ക് സാധ്യത പരിമിതമാണെന്നും ഐടിയു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഖത്തര്‍ 98.4 പോയിന്റ് തുടര്‍ച്ചയായി നേടുന്നത് രാജ്യത്തെ ഡിജിറ്റല്‍ സംവിധാനത്തിന്റെ പക്വതയും ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ നയങ്ങളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും ഫലപ്രാപ്തിയും വ്യക്തമാക്കുന്നതാണെന്നും ഐടിയു വിലയിരുത്തി.

നിക്ഷേപത്തിനും നവീകരണത്തിനും അനുകൂലമായ നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നൂതന ടെലികമ്യൂണിക്കേഷന്‍ അടിസ്ഥാനസൗകര്യങ്ങളുടെ തുടര്‍ച്ചയായ വികസനത്തെ പിന്തുണയ്ക്കുന്നതിലും ഖത്തര്‍ കൈവരിച്ച വിജയമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സി ആര്‍ എ വ്യക്തമാക്കി.

ഉയര്‍ന്ന നിലവാരമുള്ള കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഈ നടപടികള്‍ സഹായിച്ചുവെന്നും അതോറിറ്റി പറഞ്ഞു.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030, മൂന്നാം ദേശീയ വികസന തന്ത്രം, ഡിജിറ്റല്‍ അജണ്ട 2030 എന്നിവയ്ക്ക് അനുസൃതമായി സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഡിജിറ്റല്‍ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയും നേട്ടം വീണ്ടും ഉറപ്പിക്കുന്നതായി സി ആര്‍ എ വ്യക്തമാക്കി. ലോകത്തെ മുന്‍നിര ഡിജിറ്റല്‍ കണക്റ്റഡ് രാജ്യങ്ങളിലൊന്നെന്ന ഖത്തറിന്റെ സ്ഥാനം ഇതിലൂടെ കൂടുതല്‍ ശക്തമാകുന്നു.

യൂണിവേഴ്സല്‍, മീനിങ്ഫുള്‍ കണക്റ്റിവിറ്റിയിലേക്കുള്ള രാജ്യങ്ങളുടെ പുരോഗതി അളക്കുന്ന അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡമാണ് ഐസിടി ഡെവലപ്മെന്റ് ഇന്‍ഡക്‌സ്. ആവശ്യമായ സമയത്തും സ്ഥലത്തും എല്ലാവര്‍ക്കും താങ്ങാനാവുന്ന ചെലവില്‍ മികച്ച സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനെയാണ് ഐടിയു യൂണിവേഴ്സല്‍ ആന്‍ഡ് മീനിങ്ഫുള്‍ കണക്റ്റിവിറ്റി എന്നതുകൊണ്ട് നിര്‍വചിക്കുന്നത്.

കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യം, ഇന്റര്‍നെറ്റ് ഉപയോഗം, താങ്ങാനാവുന്ന നിരക്ക്, ഡാറ്റാ ഉപയോഗം തുടങ്ങിയ അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച വിവിധ മാനദണ്ഡങ്ങളിലെ രാജ്യങ്ങളുടെ പ്രകടനമാണ് സൂചിക വിലയിരുത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!