

ദോഹ: ഫലസ്തീനിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രയേലില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

‘നിലവിലുള്ള ഇസ്രായേല്‍ അധിനിവേശത്തിന്റെ ഇരകള്‍, അധിനിവേശത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍, അധിനിവേശം തകര്‍ത്ത പുരുഷന്മാരും സ്ത്രീകളും, വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട അഭയാര്‍ഥികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം കോടതിയുടെ ശ്രദ്ധയില്പ്പെടുത്തുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അധിനിവേശം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും പൂര്‍ണ്ണ നഷ്ടപരിഹാരം നല്കുന്നതിനു പുറമേ അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇസ്രായേലിന്റെ ബാധ്യതകള്‍ നിര്‍വഹിക്കണമെന്നും നിയമവിരുദ്ധമായ അധിനിവേശം ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും ദോഹ അന്താറാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ടു.
സമാനമായ പ്രസ്താവനകള്‍ ഒമാനും ചൈനയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഉപദേശക അഭിപ്രായത്തിനായി അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തെ നിശ്ചയിച്ച സമയപരിധിയിലാണ് സമര്‍പ്പണങ്ങള്‍ നടത്തിയത്.
ഫലസ്തീനിലെ അധിനിവേശം ‘നിയമവിരുദ്ധവും വംശീയവുമായ വര്‍ണ്ണവിവേചന ഭരണകൂടമാണ്, അത് നിഷേധിക്കാനാവാത്ത ഒന്നാണെന്നും’ ഖത്തര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഖത്തര്‍ തയ്യാറായിട്ടില്ല.
ഫലസ്തീന് പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം ഫലസ്തീന് ജനതയുടെ സ്വയം നിര്‍ണ്ണയത്തിനുള്ള അന്തര്‍ലീനമായ അവകാശത്തെ പൂര്‍ണ്ണമായും ശാശ്വതമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി.

