
ഒട്ടാവ: ഖത്തറും കാനഡയും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ആദ്യ ഖത്തര്‍- കാനഡ തന്ത്രപ്രധാന സംഭാഷണം നടന്നു. ചര്‍ച്ചയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനിയും കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും സംയുക്ത അധ്യക്ഷന്മാരായി.

‘തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുക’ എന്ന പ്രമേയത്തിലായിരുന്നു സംഭാഷണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും സഹകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംയുക്ത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി സമഗ്രമായ സ്ഥാപന സംവിധാനത്തിന് രൂപം നല്‍കുന്നതിലും ഈ കൂടിക്കാഴ്ച നിര്‍ണായക ചുവടുവയ്പായി.

2026 ജനുവരിയില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ദോഹയില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനിടെ രൂപപ്പെട്ട തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ തുടര്‍ച്ചയായാണ് ഈ സംഭാഷണം. വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, നിര്‍മിതബുദ്ധി, നൂതന വ്യവസായം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ അന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി തുടരുന്ന നയതന്ത്രബന്ധത്തെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, പ്രതിരോധ, സുരക്ഷാ മേഖലകളിലും അന്താരാഷ്ട്ര സഹായ രംഗത്തും സഹകരണം വിപുലീകരിക്കാനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ചു. ആഗോള വെല്ലുവിളികള്‍ സംയുക്തമായി നേരിടുന്നതിനും പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനം, സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഉറപ്പാക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
തന്ത്രപ്രധാന സംഭാഷണത്തിന്റെ ഭാഗമായി നാല് സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു.
ഖത്തറും കാനഡയും തമ്മിലുള്ള വിദേശ നിക്ഷേപ പ്രോത്സാഹന- സംരക്ഷണ കരാര്‍ ഒപ്പുവച്ചു.
അഫ്ഗാനിസ്ഥാനിലുള്ള കനേഡിയന്‍ പൗരന്മാരുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ കോണ്‍സുലാര്‍ വിഷയങ്ങളില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും കാനഡ വിദേശകാര്യ വകുപ്പും തമ്മില്‍ സംരക്ഷകശക്തി ക്രമീകരണത്തില്‍ ധാരണയായി.
2026ലെ ഖത്തര്‍- കാനഡ സാംസ്കാരിക വര്‍ഷത്തിന്റെ ഭാഗമായി സാംസ്കാരിക കൈമാറ്റവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്ദേശ്യപ്രഖ്യാപനത്തില് ഒപ്പുവച്ചു.
മധ്യസ്ഥ പ്രവര്‍ത്തനങ്ങളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ധാരണാപത്രം തയ്യാറാക്കുന്നതിനുള്ള ഉദ്ദേശ്യപ്രഖ്യാപനവും നടപ്പാക്കി.
2026 ഫിഫ ലോകകപ്പ് വിജയകരമായി സംയുക്തമായി സംഘടിപ്പിക്കുന്നതില്‍ കാനഡ നടത്തിയ പ്രവര്‍ത്തനങ്ങളെ ഖത്തര്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്കും സന്ദര്‍ശകര്‍ക്കും കാനഡ നല്കിയ ആതിഥേയത്വത്തെയും അദ്ദേഹം പ്രശംസിച്ചു.
സംഭാഷണത്തിന്റെ ഭാഗമായി നാല് വിഷയാധിഷ്ഠിത ചര്‍ച്ചകളും നടന്നു. സഹകരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും സംയുക്ത മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനുമായിരുന്നു ചര്‍ച്ചകള്‍. സുരക്ഷാ മേഖലയിലെ അഞ്ചാമത്തെ വിഷയാധിഷ്ഠിത ചര്‍ച്ച ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ 2027ലെ അടുത്ത തന്ത്രപ്രധാന സംഭാഷണം വരെ തുടരും.
പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങളും വിലയിരുത്തി. മേഖലയിലെ നിലവിലെ സാഹചര്യം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച നേതാക്കള്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കാനും സംഭാഷണത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും ആഹ്വാനം ചെയ്തു.
മധ്യസ്ഥതയിലൂടെ പശ്ചിമേഷ്യയിലും മറ്റു മേഖലകളിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഖത്തര്‍ വഹിക്കുന്ന ക്രിയാത്മക പങ്കിനെ കാനഡ പ്രത്യേകം പ്രശംസിച്ചു. പ്രാദേശിക സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിന് മധ്യസ്ഥതയുടെയും സംഭാഷണത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ഖത്തറുമായി സഹകരിക്കുമെന്നും കാനഡ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെയും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും കപ്പലുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. ആഗോള ഊര്‍ജ, ഭക്ഷ്യസുരക്ഷയ്ക്ക് ഈ സമുദ്രപാതകള്‍ നിര്‍ണായകമാണെന്നും വിലയിരുത്തി.
ഇസ്രായേലികളും ഫലസ്തീനികളും തമ്മില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ നീതിപൂര്‍വവും ശാശ്വതവും സമഗ്രവുമായ സമാധാനം സ്ഥാപിക്കണമെന്ന നിലപാട് ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഏതൊരു നീക്കത്തെയും എതിര്‍ക്കുന്നതായും അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമാണെന്നും സമാധാനത്തിന് തടസ്സമാണെന്നും അവര്‍ വ്യക്തമാക്കി. കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഫലസ്തീന് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഫലസ്തീന് നേതൃത്വത്തിലുള്ള പരിഷ്കരണ നടപടികള്‍ക്ക് ഇരുരാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു. ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിക്കും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ 2803-ാം പ്രമേയത്തിനും പിന്തുണ ആവര്‍ത്തിച്ചു.
ധാരണകള്‍ക്കനുസൃതമായി ഹമാസിന്റെയും ഗാസയിലെ മറ്റ് സായുധ സംഘങ്ങളുടെയും നിരായുധീകരണം എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകള്‍ എല്ലാ കക്ഷികളും പാലിക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഗാസയിലേക്ക് മാനുഷിക സഹായം അടിയന്തരമായും സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
ഫലസ്തീന് അഭയാര്‍ഥികള്‍ക്ക് മാനുഷിക സഹായവും അടിസ്ഥാന സേവനങ്ങളും ലഭ്യമാക്കുന്നതില്‍ യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി വഹിക്കുന്ന അനിവാര്യമായ പങ്കിനും പിന്തുണ പ്രഖ്യാപിച്ചു.
ഫലസ്തീന് പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി മെക്സിക്കോയ്ക്കൊപ്പം സമാധാന ആഖ്യാനങ്ങള്‍ സംബന്ധിച്ച പ്രവര്ത്തകസംഘത്തില് സഹകരിക്കുന്നതും ഇരുരാജ്യങ്ങള്‍ സ്വാഗതം ചെയ്തു.
ഖത്തറും കാനഡയും തമ്മിലുള്ള വ്യാപാര- സാമ്പത്തിക- നിക്ഷേപ ബന്ധം കൂടുതല്‍ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. 2025ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 35.5 കോടി യു എസ് ഡോളര്‍ കവിഞ്ഞതായി വ്യക്തമാക്കി.
കാനഡയിലെ ഖത്തര്‍ നിക്ഷേപം വര്‍ധിക്കുന്നതും ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. 2025ല്‍ കാനഡയിലെ ഖത്തറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം 33.9 കോടി യു എസ് ഡോളറിലെത്തി. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി 2025 സെപ്റ്റംബറില്‍ ഇവാന്‍ഹോ മൈന്‍സില്‍ നാല് ശതമാനം ഓഹരി സ്വന്തമാക്കിയതും പ്രധാന നിക്ഷേപമായി ചൂണ്ടിക്കാട്ടി.
കാനഡയുടെ രാഷ്ട്രനിര്‍മാണ പദ്ധതികളില്‍ ഗണ്യമായ തന്ത്രപ്രധാന നിക്ഷേപങ്ങള്‍ തുടരുമെന്ന് ഖത്തര്‍ വ്യക്തമാക്കി.
ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. ദ്രവീകൃത പ്രകൃതിവാതകം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ ഖത്തറിലെയും കാനഡയിലെയും പൊതുമേഖലാ- സ്വകാര്യ മേഖലാ പങ്കാളികള്‍ തമ്മിലുള്ള സഹകരണത്തെയും സ്വാഗതം ചെയ്തു.

