
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തികവും ധനകാര്യപരവുമായ ഏകീകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി) ഗള്‍ഫ് പേയ്മെന്റ് കമ്പനിയുടെ (ജി പി സി) നിയന്ത്രണത്തിലുള്ള അഫാഖ് പേയ്മെന്റ് സംവിധാനത്തില്‍ അംഗമായി. ഇതോടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി സി സി) എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകളും അഫാഖ് സംവിധാനത്തില്‍ പങ്കാളികളായി.

ഖത്തറില്‍നിന്ന് മൂന്ന് വാണിജ്യ ബാങ്കുകളും സംവിധാനത്തില്‍ ചേര്‍ന്നു. ദോഹ ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, ദുഖാന്‍ ബാങ്ക് എന്നിവയാണ് അഫാഖില്‍ പങ്കാളികളായത്. ഖത്തറില്‍നിന്ന് ഈ സംവിധാനത്തില്‍ ചേരുന്ന ആദ്യ വാണിജ്യ ബാങ്കുകളില്‍ ഉള്‍പ്പെടുന്ന ഇവയോടെ ജി സി സി രാജ്യങ്ങളില്‍ അഫാഖില്‍ പങ്കാളികളായ ബാങ്കുകളുടെ എണ്ണം 74 ആയി.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അഫാഖ് പ്രവേശനം ഗള്‍ഫ് മേഖലയിലെ പേയ്മെന്റ് സംവിധാനങ്ങളുടെ ഏകീകരണത്തിലെ സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തുന്നത്. മേഖലയിലെ വിവിധ രാജ്യങ്ങളിലെ പേയ്മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
അതിര്‍ത്തി കടന്നുള്ള പണമിടപാടുകളും ധനകാര്യ കൈമാറ്റങ്ങളും കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും സുരക്ഷിതമായും നടത്തുന്നതിനും സംവിധാനം സഹായിക്കും.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ബിസിനസ്, നിക്ഷേപം എന്നിവയുടെ ഒഴുക്ക് സുഗമമാക്കുന്നതിനായി പ്രാദേശികതലത്തില്‍ സംയോജിത പേയ്മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
വാണിജ്യ ബാങ്കുകളുടെ അഫാഖ് സംവിധാനത്തിലെ പങ്കാളിത്തം വരുംകാലത്ത് കൂടുതല്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധാനത്തിന്റെ സേവനങ്ങള്‍ ജി സി സി രാജ്യങ്ങളിലുടനീളം കൂടുതല്‍ വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം കൂടുതല്‍ ബാങ്കുകളും ഇതിന്റെ ഭാഗമാകും.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ധനകാര്യ ബന്ധം കൂടുതല്‍ ദൃഢമാക്കാനും സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് ഇത് കൂടുതല്‍ വേഗം നല്‍കും.
ദീര്‍ഘകാല സാമ്പത്തിക- ധനകാര്യ ഏകീകരണം ശക്തിപ്പെടുത്തുക എന്ന ജി സി സി രാജ്യങ്ങളുടെ പൊതുലക്ഷ്യത്തിലേക്കുള്ള മറ്റൊരു നിര്‍ണായക ചുവടുവയ്പ്പായാണ് അഫാഖിലേക്കുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവേശനം വിലയിരുത്തപ്പെടുന്നത്.

