

ദോഹ: ഡമാസ്‌കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ പരമാധികാരത്തിനെതിരായ നഗ്നമായ ആക്രമണവും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവുമാണിതെന്ന് വിശേഷിപ്പിച്ചു.

സിറിയയിലും ലെബനനിലും ഇസ്രായേല്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും ഗാസയ്ക്കെതിരായ ക്രൂരമായ യുദ്ധവും മേഖലയില്‍ കൂടുതല്‍ അക്രമത്തിനും അരാജകത്വത്തിനും കാരണമാകുമെന്ന ഖത്തറിന്റെ മുന്നറിയിപ്പ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പുതുക്കി. അന്താരാഷ്ട്ര നിയമസാധുതയും പ്രമേയങ്ങളും പാലിക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത, സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ എന്നിവയ്ക്കുള്ള ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണയും മന്ത്രാലയം പുതുക്കി.
