
ദോഹ: സിറിയയിലെ ഖുനൈത്ര, ദറാ ഗവര്‍ണറേറ്റുകളിലേക്ക് ഇസ്രയേല്‍ അധിനിവേശ സേന നടത്തിയ അതിക്രമപ്രവേശനവും വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ പീരങ്കി ആക്രമണങ്ങളും ഖത്തര്‍ ശക്തമായി അപലപിച്ചു. സിറിയയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനവുമാണ് ഈ ആക്രമണമെന്ന് ഖത്തര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇസ്രയേല്‍ തുടരുന്ന ഇത്തരം ഗുരുതര ആക്രമണങ്ങള്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കി.

ഇസ്രയേലിനെ നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ നിര്ബന്ധിതമാക്കുന്നതിനും ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സിറിയന്‍ അറബ് റിപ്പബ്ലിക്കിനോടും അവിടത്തെ സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. സിറിയയുടെ പരമാധികാരം, ദേശീയ ഐക്യം, ഭൗമ അഖണ്ഡത എന്നിവയ്ക്കുള്ള ഖത്തറിന്റെ അചഞ്ചലമായ പിന്തുണയും സിറിയന്‍ ജനതയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

