
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ ബില്അറബി സംരംഭത്തിന്റെ രണ്ടാമത് വാര്‍ഷിക സംഗമം സെപ്റ്റംബര്‍ 19, 20 തിയ്യതികളില്‍ ദോഹയിലെ മുല്തഖ (എജ്യുക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്റര്‍)യില്‍ നടക്കും. ‘നമ്മുടെ ആശയങ്ങളിലൂടെ, നാം കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സംഗമം സംഘടിപ്പിക്കുന്നത്.

അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 15-ലേറെ പ്രഭാഷകരും ആശയസ്രഷ്ടാക്കളും സംഗമത്തില്‍ പങ്കെടുക്കും.

ഒരൊറ്റ ആശയത്തില്‍നിന്ന് മാറ്റത്തിന് തുടക്കമാകാമെന്ന വിശ്വാസമാണ് ബില്അറബി സംരംഭത്തിന്റെ പ്രമേയത്തിന് പിന്നില്‍. സംവാദത്തിലൂടെ ആശയം പക്വമാകുകയും അനുഭവത്തിലൂടെയും സഹകരണത്തിലൂടെയും ശക്തിപ്പെടുകയും ഒടുവില്‍ സമൂഹത്തില്‍ പ്രത്യക്ഷമായ സ്വാധീനം സൃഷ്ടിക്കുന്ന സംരംഭമോ പരിഹാരമോ ആയി വികസിക്കുകയും ചെയ്യുമെന്നതാണ് സംരംഭത്തിന്റെ കാഴ്ചപ്പാട്.
ദര്‍ശനത്തില്‍നിന്നും അറിവില്‍നിന്നും ഭാവിയെ രൂപപ്പെടുത്തുന്നതിലേക്കുള്ള വേദിയായാണ് ബില്അറബി വാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യപ്രഭാഷണങ്ങള്‍, ആശയാന്വേഷണ സെഷനുകള്‍, സംവേദനാത്മക ശില്പശാലകള്, സര്‍ഗാത്മക അവതരണങ്ങള്‍ എന്നിവയിലൂടെ ആശയങ്ങളും അവയുടെ സ്രഷ്ടാക്കളെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തും. പ്രാദേശിക, മേഖലാതല പങ്കാളികളായ 10 സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
സംരംഭം ആരംഭിച്ചതുമുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രഭാഷകരില്‍ നിന്നും ആശയസ്രഷ്ടാക്കളില് നിന്നും 1,600-ലേറെ അപേക്ഷകള്‍ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. അറബ് ലോകത്തെയും മറ്റ് മേഖലകളിലെയും വൈവിധ്യമാര്‍ന്ന അനുഭവങ്ങളില്‍നിന്നുള്ള 15-ലേറെ പേരെയാണ് ഇത്തവണത്തെ സംഗമത്തിനായി തെരഞ്ഞെടുത്തത്.
സംരംഭകത്വം, സാങ്കേതികവിദ്യ, സമാധാന നിര്‍മാണം, ജനിതകശാസ്ത്രം, സുസ്ഥിരത, വിജയത്തെ പുനര്‍നിര്‍വചിക്കല്‍, പൈതൃകം, സ്വത്വം തുടങ്ങിയ വിഷയങ്ങളിലെ നൂതന ആശയങ്ങള്‍ ഇവര്‍ അവതരിപ്പിക്കും.
സാങ്കേതിക സംരംഭകനും ‘അപ്സ്ക്രോള്‍ഡ്’ സ്ഥാപകനും സി ഇ ഒയുമായ ഇസ്സാം ഹിജാസി (ഫലസ്തീന്- ജോര്‍ദാന്‍), അറബി ഭാഷയ്ക്കനുസൃതമായി സാങ്കേതികവിദ്യയും സോഫ്റ്റ്വെയറും വികസിപ്പിക്കുന്നതില്‍ വിദഗ്ധനും നവീനാശയ പ്രവര്‍ത്തകനുമായ ഡോ. ബഷീര്‍ ഹലീമി (അള്‍ജീരിയ), ഖത്തരി സംരംഭകനും നിക്ഷേപകനും എന്‍ജിനീയറും ‘സ്നൂനു’ സ്ഥാപകനും സി ഇ ഒയുമായ ഹമദ് മുബാറക് അല്‍ ഹജ്രി (ഖത്തര്‍),
ഫലസ്തീന് മാധ്യ മപ്രവര്ത്തകനും ഗസ്സയിലെ അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് ബ്യൂറോ മേധാവിയും 25 വര്‍ഷത്തിലേറെ ഫീല്‍ഡ് റിപ്പോര്‍ട്ടിങ് പരിചയവുമുള്ള വാഇല്‍ അല്‍ ദഹ്ദൂഹ് (ഫലസ്തീന്), ചാമ്പ്യന്‍ നീന്തല്‍ താരം മോന കാമെല്‍ യൂസഫ് (ഈജിപ്ത്), ഡോ. ജനിതകശാസ്ത്രത്തിലും ജനിതക പ്രയോഗങ്ങളിലും വിദഗ്ധനായ ശാസ്ത്രജ്ഞന് സഈദ് ഇസ്മായില്‍ (ഫലസ്തീന്, ജോര്‍ദാന്‍), മുതിര്‍ന്ന മധ്യസ്ഥ ഉപദേഷ്ടാവും മുന്‍ ഐക്യരാഷ്ട്രസഭ നയതന്ത്രജ്ഞയും യെമന്‍, ലിബിയ സമാധാന പ്രക്രിയകളില്‍ പ്രവര്ത്തിച്ചിക്കുകയും ചെയ്ത സഹ്റാ ലന്ഗി (ലിബിയ), ഖത്തരി യാത്രികനും സാഹസികനുമായ ഖാലിദ് അല്‍ ജാബര്‍ (ഖത്തര്‍), സമയനിയന്ത്രണവും വ്യക്തിഗത ശേഷി പരമാവധി പ്രയോജനപ്പെടുത്തലും സംബന്ധിച്ച് ഗവേഷണം നടത്തുന്ന ചിന്തകന്‍ മുഹമ്മദ് ഫാരിസ് (യെമന്‍), ശസ്ത്രക്രിയ വിദഗ്ധനും സാങ്കേതിക സംരംഭകനുമായ ഡോ. മുഹമ്മദ് അബുറാവി (ലിബിയ), സ്വത്വം, സംസ്കാരം, നാഗരികതാ സംവാദത്തിന്റെ നവീകരണം എന്നിവയില്‍ താത്പര്യമുള്ള ഗവേഷകനായ അയൂബ് തനൂന് (ഇറാഖ്), കേള്‍വി പരിമിതിയുള്ളവരുടെ അവകാശങ്ങള്‍ക്കും സാമൂഹിക ഉള്പ്പെടുത്തലിനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക ലല്ല കബര്‍ എല്‍ ഗല്ലാവി (മൗറിത്താനിയ), ശാസ്ത്രീയ ഭാവനയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ താത്പര്യമുള്ള എന്‍ജിനീയറും സംരംഭകനുമായ യാസര്‍ ബഹ്ജത്ത് (സൗദി അറേബ്യ), കെട്ടിടങ്ങളിലെ ഊര്‍ജക്ഷമതയിലും സുസ്ഥിര നഗരവികസന പരിഹാരങ്ങളിലും വിദഗ്ധനായ ആര്‍ക്കിടെക്ട് മെഷാല്‍ അല്‍ ഒതൈബി (കുവൈത്ത്),
ബിസിനസ് വികസന കണ്‍സള്‍ട്ടന്റും ആശയവിനിമയ പരിശീലകയുമായ ദാനിയ ഖാലിദ് (ഫലസ്തീന്) തുടങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്ന പ്രധാന പ്രഭാഷകര്‍. കൂടുതല്‍ പങ്കാളികളുടെ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ബില്അറബി വാര്‍ഷിക സംഗമം 2026-ലേക്കുള്ള രജിസ്ട്രേഷന് തുടരുകയാണ്. ടിക്കറ്റുകള്‍ ബില്അറബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

