

ദോഹ: വിദ്യാഭ്യാസ ആപ്പുമായി വിപ്ലവം സൃഷ്ടിച്ച ബൈജൂസിനതിരെ നിയമ നടപടികളുമായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി. ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ സ്വകാര്യ സ്വത്തുക്കള്‍ വെളിപ്പെടുത്താനും അവ വില്‍ക്കുകയോ കൈമാറുകയും പണയംവെക്കുകയോ ചെയ്യുന്നത് തടയാനും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന ബൈജൂസിന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിയമ നടപടി കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

കോടതി രേഖകള്‍ പ്രകാരം ബൈജു രവീന്ദ്രന്റെ സ്വകാര്യ സ്വത്തില്‍ 235.19 മില്യണ്‍ ഡോളര്‍ വരെ ക്ലെയിം ചെയ്യാനാണ് വെല്‍ത്ത് ഫണ്ട് ലക്ഷ്യമിടുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി 2019ലും 2022ലും ബൈജൂസില്‍ നിക്ഷേപിക്കുകയും 2022 മാര്‍ച്ചില്‍ ഏകദേശം 250 മില്യണ്‍ ഡോളര്‍ വായ്പ നല്‍കുകയും ചെയ്തിരുന്നു. കമ്പനിയുടെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നപ്പോള്‍ ബൈജൂസിന്റെ അവസാന ഫണ്ടിംഗ് റൗണ്ടില്‍ വീണ്ടും നിക്ഷേപിക്കാന്‍ ഈ വായ്പയാണ് ഉപയോഗിച്ചത്.

ഒരു നിക്ഷേപകന്‍ ഒരു സ്ഥാപകന്റെ സ്വകാര്യ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന അപൂര്‍വ സംഭവമാണ് നിലവില്‍ ബൈജൂസിനെതിരെ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി കൈക്കൊണ്ടിരിക്കുന്നത്. ബൈജു രവീന്ദ്രന്റെ ആസ്തി എത്രയെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തതയില്ലെങ്കിലും ആകാശ് ഏജ്യുക്കേഷന്‍ സര്‍വീസസില്‍ അദ്ദേഹത്തിന് ഓഹരിയുണ്ടെന്ന വിവരമുണ്ട്.
2022ല്‍ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളുമായി ബന്ധപ്പെട്ട് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ബൈജു രവീന്ദ്രന് 250 മില്യണ്‍ ഡോളര്‍ കടം നല്‍കിയിരുന്നു. ഇത് ഏറ്റവും ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തില്‍ അദ്ദേഹം ബൈജൂസില്‍ വീണ്ടും നിക്ഷേപിച്ചു. 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായിരുന്നു ഈ ഇടപാട്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡഡിന് 150 കോടി രൂപയ്ക്ക് മുകളില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കേസായതോടെ കമ്പനി അടുത്തിടെ പാപ്പരത്വം അവകാശപ്പെട്ടിരുന്നു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയ ബൈജൂസ് പരാജയപ്പെട്ടാല്‍ ബൈജു രവീന്ദ്രന് തിങ്ക് ആന്റ് ലേണിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

