ഖത്തര്‍ കെ എം സി സി നാലാം ഏറനാടന്‍ പ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു

Web Desk
2 Min Read

ദോഹ: ഖത്തര്‍ കെ എം സി സി ഏറനാട് മണ്ഡലം കമ്മിറ്റി പി സീതിഹാജിയുടെ നാമധേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഏറനാടന്‍ പ്രതിഭ പുരസ്‌കാരത്തിന് മുസ്‌ലിം ലീഗ് നേതാക്കളായ ഊര്‍ങ്ങാട്ടിരി കുത്തുപറമ്പ് സ്വദേശി പി ചേക്കു മുസ്ലിയാരും കാവനൂര്‍ പഞ്ചായത്തിലെ ഇരുവേറ്റി തോട്ടിലങ്ങാടിയിലെ വി ഹംസ എന്നിവരെയും തെരഞ്ഞെടുത്തു.

city exchange

ചേക്കു മുസ്ലിയാര്‍ 1970ല്‍ വില്ലേജ് കമ്മിറ്റി ഭാരവാഹിയായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1975ല്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. 1977 വരെ കൊണ്ടോട്ടി മണ്ഡലം സഹഭാരവാഹിയായി. പിന്നീട് 1977 മുതല്‍ 2010 വരെ മഞ്ചേരിയും ശേഷം ഏറനാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സഹഭാരവാഹിയായും സേവനമനുഷ്ഠിച്ചു. നാല് തവണ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റി സുവര്‍ണ സേവന അവാര്‍ഡിന് അര്‍ഹനായി.

വി ഹംസ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍, പഞ്ചായത്ത് ഇന്‍സ്പെക്ടര്‍, താലൂക്ക് പഞ്ചായത്ത് ഓഫീസര്‍, ശേഷം ജില്ലാ പഞ്ചായത്ത് സൂപ്രണ്ടായി സര്‍വിസില്‍ നിന്നും വിരമിച്ചു. പിന്നീട് ദീര്‍ഘകാലം കാവനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി, പ്രസിഡന്റ്, പഞ്ചായത്ത് ബോര്‍ഡ് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ഏറനാട് മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. നിലവില്‍ സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സിലറും കാവനൂര്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്. അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജ് കമ്മിറ്റി അംഗം, ജംഇയ്യത്തുല്‍ മുജാഹിദീന്‍ കൗണ്‍സിലര്‍, വിളയില്‍ എ ഐ പി സ്‌കൂള്‍ മാനേജര്‍, കെ എന്‍ എം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നു.

ഖത്തറില്‍ നടന്ന ചടങ്ങില്‍ പി കെ ബഷീര്‍ എം എല്‍ എയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. പി കെ ബഷീര്‍ എം എല്‍ എ, സി പി സൈതലവി, ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ്, കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട് എന്നിവരടങ്ങുന്ന നാലംഗ ജ്യൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

- Advertisement -
Ad image

അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി മാസത്തില്‍ പുരസ്‌കാര ജേതാക്കളുടെ ജന്‍മ നാടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ദേശീയ നേതാക്കള്‍, എം പിമാര്‍, എം എല്‍ എ, ജില്ലാ നേതാക്കള്‍ ഉള്‍പ്പടെയുള്ള ചടങ്ങില്‍ സമ്മാനിക്കും.

പി വി മുഹമ്മദ് അരീക്കോട്, എം ഐ തങ്ങള്‍, എം സി മുഹമ്മദ് ഹാജി എന്നിവരായിരുന്നു കഴിഞ്ഞ മൂന്ന് ഏറനാടന്‍ പ്രതിഭ പുരസ്‌കാര ജേതാക്കള്‍.

ഖത്തര്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ, ഏറനാട് മണ്ഡലം പ്രസിഡന്റ് അജ്മല്‍ അരീക്കോട്, ജനറല്‍ സെക്രട്ടറി അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, വൈസ് പ്രസിഡന്റ് സഫീറുസ്സലാം എടവണ്ണ, ട്രഷറര്‍ പി കെ അബ്ദുല്‍ മനാഫ് പ്രസംഗിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!