

ദോഹ: ആഗോള സമാധാന സൂചികയുടെ (ഗ്ലോബല്‍ പീസ് ഇന്‍ഡക്സിന്റെ) 18-ാം പതിപ്പില്‍ ഖത്തര്‍, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രണ്ടാമത്തെ രാജ്യമായി ഖത്തര്‍. ലോകജനസംഖ്യയുടെ 99.7 ശതമാനം ഉള്‍ക്കൊള്ളുന്ന 163 രാജ്യങ്ങളുടെ റാങ്കിംഗില്‍ 29-ാം സ്ഥാനത്താണ് ഖത്തര്‍.

1.622 സ്‌കോറുമായി മെന മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള കുവൈത്ത് ആഗോള റാങ്കിംഗില്‍ 25-ാം സ്ഥാനത്താണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഒമാന്‍ (1.761), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (1.897), ബഹ്റൈന്‍ (2.072), സൗദി അറേബ്യ (2.206) എന്നിവയേക്കാള്‍ മുമ്പിലുള്ള 1.656 സ്‌കോറാണുള്ളത്. പട്ടികയില്‍ ഒമാന്‍ 53-ാം സ്ഥാനത്തും യു എ ഇ 81, ബഹറൈന്‍ 102-ാം സ്ഥാനത്തുമുണ്ട്.

ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, മലേഷ്യ എന്നിവയാണ് ഈ വര്‍ഷത്തെ സൂചികയിലെ ഏറ്റവും സമാധാനപരമായ ആദ്യ പത്ത് രാജ്യങ്ങള്‍. ഐസ്ലാന്‍ഡ് ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി 2008 മുതല്‍ സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. ആദ്യ പത്തില്‍ എട്ട് രാജ്യങ്ങള്‍ യൂറോപ്പില്‍ നിന്നും രണ്ട് ഏഷ്യയില്‍ നിന്നുമാണ്.
എന്നാല്‍ ആഗോളാടിസ്ഥാനത്തില്‍ സമാധാനത്തില്‍ താഴ്ചകളുണ്ട്. ഗാസയിലേയും യുക്രെയ്‌നിലേയും യുദ്ധങ്ങളാണ് തകര്‍ച്ചയുടെ ആദ്യ വസ്തുതകള്‍.
2024-ല്‍ ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യെമനാണ്. സുഡാന്‍, ദക്ഷിണ സുഡാന്‍, അഫ്ഗാനിസ്ഥാന്‍, യുക്രെയ്ന്‍ എന്നിവയാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങള്‍.
കാനഡയും യു എസും സമാധാനത്തില്‍ വലിയ വീഴ്ചയാണ് രേഖപ്പെടുത്തിയത്.

