

ദോഹ: ഈ വര്‍ഷം ആഗസ്റ്റ് 25 വരെ 2.56 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്. 2022-ല്‍ മുഴുവന്‍ വര്‍ഷവും വന്നവരേക്കാള്‍ കൂടുതലാണിത്.

അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഖത്തറിനെ പ്രതിഷ്ഠിച്ച ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ വിജയകരമായ ആതിഥേയത്വത്തിന്റെ സ്വാധീനമാണിത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ആഗോളതലത്തില്‍ ഉയരുന്നതാണ് ഇത് കാണിക്കുന്നത്.

നിലവിലുള്ള കാര്‍ഡ് ഉടമകള്‍ക്കായി ഹയ്യയുടെ വിപുലീകരണവും ഹയ്യ പ്ലാറ്റ്ഫോമിന്റെ പുനരാരംഭവും ഖത്തറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം നല്‍കി.
സൗദി അറേബ്യ, ഇന്ത്യ, ജര്‍മ്മനി, യു എസ് എ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യു കെ, യു എ ഇ, പാകിസ്ഥാന്‍ എന്നിവയാണ് ഖത്തറിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ആദ്യ 10 രാജ്യങ്ങള്‍.
ഖത്തറിന്റെ ക്രൂയിസ് ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും സന്ദര്‍ശകരുടെ എണ്ണത്തിലെ വളര്‍ച്ചയ്ക്ക് കാരണമാണ്. 2022- 23 ക്രൂയിസ് സീസണില്‍ ഖത്തര്‍ ടൂറിസം ആദ്യമായി അന്താരാഷ്ട്ര കപ്പലുകളായ കോസ്റ്റ ടോസ്‌കാന, എഐഡകോസ്മ, എമറാള്‍ഡ് അസൂറ എന്നിവയെ സ്വാഗതം ചെയ്തു.

