മധ്യസ്ഥതയ്ക്കും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും മാനുഷിക നയതന്ത്രത്തിനുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍

Web Desk
2 Min Read

ജനീവ: മധ്യസ്ഥത, സംഘര്‍ഷങ്ങള്‍ ലഘൂകരിക്കല്‍, മാനുഷിക നയതന്ത്രം എന്നിവയോടുള്ള പ്രതിബദ്ധത ഖത്തര്‍ വീണ്ടും വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതിനും എല്ലാവര്‍ക്കും ആരോഗ്യവും വികസനവും ഉറപ്പാക്കുന്നതിനും ശാശ്വത സമാധാനം അനിവാര്യമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

city exchange

ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ 2026ലെ സോഷ്യല്‍ ഫോറത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. സായുധ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യത്തിനും വികസനത്തിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പാനല്‍ ചര്‍ച്ച. ജനീവയിലെ ഐക്യരാഷ്ട്രസഭാ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം ദൗത്യത്തിലെ സെക്കന്‍ഡ് സെക്രട്ടറി അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ മന്‍സൂരിയാണ് ഖത്തറിന്റെ പ്രസ്താവന അവതരിപ്പിച്ചത്.

സമാധാനകാലത്തും സംഘര്‍ഷസാഹചര്യങ്ങളിലും വിവേചനമില്ലാതെ ഉറപ്പാക്കേണ്ട മൗലിക മനുഷ്യാവകാശമാണ് ശാരീരികവും മാനസികവുമായ പരമാവധി ആരോഗ്യനില കൈവരിക്കാനുള്ള അവകാശമെന്ന് അല്‍ മന്‍സൂരി പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വ്യക്തമായ സംരക്ഷണം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം ആക്രമണങ്ങള്‍ സാധാരണക്കാര്‍ക്ക് അവശ്യ ചികിത്സ ലഭിക്കുന്നത് തടയുകയും ആരോഗ്യസംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ദുര്‍ബലപ്പെടുത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍, കുട്ടികള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

മനുഷ്യാവകാശ കൗണ്‍സിലിന്റെ 62-ാമത് സമ്മേളനത്തില്‍ ‘സായുധ സംഘര്‍ഷങ്ങളില്‍ ആരോഗ്യപരിചരണ സംവിധാനങ്ങളുടെ സംരക്ഷണം’ എന്ന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഖത്തര്‍ മുന്‍കൈയെടുത്ത് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പ്രമേയമാണിത്.

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ 2016ലെ 2286-ാം നമ്പര്‍ പ്രമേയം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ നിലനില്‍ക്കുമ്പോഴും ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, പ്രായോഗിക നടപടികള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 62 രാജ്യങ്ങള്‍ പ്രമേയത്തില്‍ സഹരചയിതാക്കളായി പങ്കുചേര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

സായുധ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും പാലിക്കണമെന്ന് അല്‍ മന്‍സൂരി ആവശ്യപ്പെട്ടു. ആശുപത്രികള്‍, മെഡിക്കല്‍ ഗതാഗത സംവിധാനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യക്കാരിലേക്ക് തടസ്സമില്ലാതെയും സുരക്ഷിതമായും സഹായമെത്തിക്കാനും അവശ്യ ആരോഗ്യസേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാനും നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്കെതിരെ ഉത്തരവാദിത്തം ഉറപ്പാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. ശിക്ഷാനടപടികളില്‍നിന്ന് രക്ഷപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാന ചര്‍ച്ചകളിലും പുനരധിവാസ- പുനര്‍നിര്‍മാണ പദ്ധതികളിലും ആരോഗ്യത്തിനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്നും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ആരോഗ്യസംവിധാനങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുസ്ഥിരമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിനും തകര്‍ന്ന ആരോഗ്യകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും ആരോഗ്യപ്രതിസന്ധികളെ നേരിടാനുള്ള സമൂഹങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, മാനുഷിക സഹായ ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അല്‍ മന്‍സൂരി വ്യക്തമാക്കി.

ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കൃത്യമായും സമയബന്ധിതമായും രേഖപ്പെടുത്തുന്നത് കുറ്റക്കാരെ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള പ്രതികരണം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ നിയമലംഘനങ്ങള്‍ തടയുന്നതിനും നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!