
ദോഹ: ഖത്തര്‍- സൗദി അറേബ്യ ഹൈസ്പീഡ് ഇലക്ട്രിക് റെയില്‍ പദ്ധതി, രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം, വികസനപരമായ ഏകോപനം, സുസ്ഥിര വികസനം, പരസ്പര പ്രതിബദ്ധത എന്നിവയെ കൂടുതല്‍ വികസന സമൃദ്ധിയിലേക്കു മുന്നോട്ട് കൊണ്ടുപോകുന്ന തന്ത്രപരമായ പടിയായി മാറുന്നതാണെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

785 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഹൈസ്പീഡ് ട്രെയിന്‍ ദോഹയേയും റിയാദിനേയും ബന്ധിപ്പിക്കും. അല്‍-ഹഫൂഫ്, ദമ്മാം എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുകയും ചെയ്യും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ക്ക് മുകളിലുള്ള വേഗതയില്‍ സഞ്ചരിക്കുന്ന ഈ ട്രെയിന്‍ മേഖലയില്‍ വേഗം കൂടിയതും സുസ്ഥിരവുമായ ഗതാഗതത്തിനുള്ള പുതിയ ധമനിയായി മാറുകയും പ്രാദേശിക യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.

ഇതോടെ ദോഹ- റിയാദ് യാത്രാസമയം രണ്ട് മണിക്കൂറാകും., ഇത് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ബിസിനസും ടൂറിസവും പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി നല്‍കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രതിവര്‍ഷം 10 മില്ല്യണിലധികം യാത്രക്കാരാണ് ഈ ട്രെയിന്‍ ഉപയോഗിക്കുമെന്നു പ്രതീക്ഷിക്കുന്നത്. ഖത്തറിന്റെയും സൗദി അറേബ്യയുടെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എളുപ്പവും സുന്ദരമായി കണ്ടെത്താന്‍ ഇത് സഹായിക്കും. കൂടാതെ, പദ്ധതി നേരിട്ടും പരോക്ഷമായും 30,000-ത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടു രാജ്യങ്ങളുടെയും ജി ഡി പിയില്‍ ഏകദേശം 115 ബില്ല്യണ്‍ റിയാല്‍ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ തന്നെ, ജി സി സി രാജ്യങ്ങളെ ആധുനിക റെയില്‍വേ നെറ്റ്വര്‍ക്കിലൂടെ കൂടുതല്‍ ബന്ധിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക വികസന പദ്ധതികളിലൊന്നായി ഇത് മാറും.
റെയില്‍വേയും സ്മാര്‍ട്ട് എഞ്ചിനീയറിംഗും സംബന്ധിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, ഉയര്‍ന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, പദ്ധതി ആറു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇത് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയും, മേഖലയില്‍ കൂടുതല്‍ കാര്യക്ഷമവും നവീനവുമായ സ്മാര്‍ട്ട്, സുസ്ഥിര ഗതാഗത മാര്‍ഗങ്ങളിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.

