

ദോഹ: വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ കുറിച്ച് മികച്ച അഭിപ്രായം രൂപീകരിക്കുന്നതില്‍ പ്രവാസി ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഐ സി സി, ഐ സി ബി എഫ്, ഐ ബി പി സി, ഐ എസ് സി തുടങ്ങിയ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളുടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഇന്ത്യയുടെ ശരിയായ അംബാസഡര്‍മാര്‍. വിവിധ രാജ്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാര്‍ തങ്ങളുടെ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളാണ് അവര്‍ കൈവരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, ഐ ബി പി സി പ്രസിഡന്റ് ജഅ്ഫര്‍ സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

