
ദോഹ: സൗദി അറേബ്യക്ക് പിന്നാലെ യുക്രെയ്‌നുമായി ഖത്തര്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വൈദഗ്ധ്യം പങ്കിടുന്നതിനാണ് കരാര്‍ വഴി ഇരുരാജ്യങ്ങളും സഹകരിക്കുക.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും സഹകരണ സാധ്യതകളും ചര്‍ച്ച ചെയ്തതിനു ശേഷമാണ് കരാര്‍ ഒപ്പുവെച്ചത്. യുക്രെയ്ന്‍ സായുധസേനയുടെ മേധാവി ലഫ്. ജനറല്‍ ആന്‍ഡ്രി ഹ്നാതോവും ഖത്തര്‍ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ജസ്സിം ബിന്‍ മുഹമ്മദ് അല്‍-മന്നായും കരാറില്‍ ഒപ്പുവെച്ചു.

കരാറനുസരിച്ച്, പ്രതിരോധ നിക്ഷേപങ്ങളും സാങ്കേതികവിദ്യകളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഖത്തറും യുക്രെയ്നും സഹകരിക്കും.
യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഖത്തര്‍ സന്ദര്‍ശനത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആക്രമണങ്ങള്‍ നേരിട്ട ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതോടൊപ്പം റഷ്യക്കെതിരായ യുദ്ധത്തില്‍ കൂടുതല്‍ പിന്തുണയും അദ്ദേഹം തേടുന്നു. അമേരിക്കയുടെ ശ്രദ്ധ മറ്റ് മേഖലകളിലേക്ക് തിരിയുന്ന സാഹചര്യത്തില്‍ കീവിന് സാമ്പത്തിക ശേഷിയുള്ള സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്.
ഇതിനിടെ, റഷ്യ ഇറാനെ സഹായിച്ച് ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍, ബ്രിട്ടീഷ് സൈനിക താവളങ്ങളെയും ഡിയഗോ ഗാര്‍സിയയിലെയും ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സെലെന്‍സ്‌കി ആരോപിച്ചു. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍, ഡിയഗോ ഗാര്‍സിയ, ഗള്‍ഫ് മേഖലയിലെ എണ്ണക്കിണറുകള്‍ എന്നിവയെ റഷ്യന്‍ ഉപഗ്രഹങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

