ദോഹ സമാധാന പ്രക്രിയയുടെ ഭാഗമായി കിഴക്കന്‍ ഡി ആര്‍ കോംഗോയിലെ 15 തടവുകാരെ മോചിപ്പിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു

Web Desk
1 Min Read

ദോഹ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ദോഹ സമാധാന പ്രക്രിയയുടെ ഭാഗമായി 15 തടവുകാരെ കോംഗോ അധികൃതര്‍ മോചിപ്പിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു.

city exchange

തടവുകാരെ മോചിപ്പിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 6, 7 തിയ്യതികളിലാണ് മോചനം നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദോഹയില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐ സി ആര്‍ സി) തടവുകാരെ സുരക്ഷിതമായി കൈമാറുന്നതിനും കോംഗോ റിവര്‍ അലയന്‍സ്/ മാര്‍ച്ച് 23 മൂവ്‌മെന്റ് (എ എഫ് സി/ എം23) പ്രതിനിധികള്‍ക്ക് കൈമാറുന്നതിനുമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി.

തടവുകാരുടെ മോചനം സംഘര്‍ഷത്തിലെ കക്ഷികള്‍ തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് ഖത്തര്‍ വ്യക്തമാക്കി. സമാധാനപരവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്കുള്ള കൂടുതല്‍ പുരോഗതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും ഇതിലൂടെ കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും കഴിയുമെന്ന് ഖത്തര്‍ വിലയിരുത്തി.

മാനുഷിക തത്വങ്ങള്‍ക്കനുസൃതമായി തടവുകാരുടെ മോചനം, സുരക്ഷിതമായ കൈമാറ്റം, കൈമാറല്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള സംവിധാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഐ സി ആര്‍ സിയുടെ പ്രവര്‍ത്തനങ്ങളെയും സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്ന പങ്കാളികളുടെ ശ്രമങ്ങളെയും ഖത്തര്‍ പ്രശംസിച്ചു.

- Advertisement -
Ad image

കക്ഷികള്‍ തമ്മിലുള്ള സംവാദം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ ഉറച്ച സമീപനത്തിന്റെ ഭാഗമായാണ് ഈ ശ്രമങ്ങള്‍.

കക്ഷികള്‍ തമ്മിലുള്ള വിശ്വാസം വളര്‍ത്തുന്നതിനുള്ള കൂടുതല്‍ നടപടികള്‍ക്ക് ഈ നീക്കം പ്രചോദനമാകുമെന്നും കോംഗോ ജനതയുടെ സമാധാനം, വികസനം, സമൃദ്ധി എന്നിവയ്ക്കായുള്ള ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇത് സഹായിക്കുമെന്നും ഖത്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!