
ദോഹ: പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ താനി വ്യാഴാഴ്ച തെഹ്റാനിലെത്തും. മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു.

ഭിന്നതകള്‍ പരിഹരിക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും നയതന്ത്രമാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന ഖത്തറിന്റെ ഉറച്ച നിലപാടാണ് സന്ദര്‍ശനം വ്യക്തമാക്കുന്നതെന്ന് അല്‍ അന്‍സാരി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സ്വാതന്ത്ര്യവും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും. ഫെബ്രുവരി 28ന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് കടലിടുക്കിലെ നാവിഗേഷന്‍ സാഹചര്യം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

