
ദോഹ: ആഗോള സിവില്‍ വ്യോമയാന മേഖലയില്‍ ഖത്തറിന്റെ നേതൃത്വവും സ്വാധീനവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുതിയ തന്ത്രപരിപാടിക്ക് തുടക്കമിട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍താനിയാണ് പുതിയ തന്ത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘ലീഡിങ് ദി സ്‌കൈ, ഇന്‍സ്പയേര്‍ഡ് ബൈ വിഷന്‍’ എന്ന മുദ്രാവാക്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം.

സുരക്ഷിതവും സുസ്ഥിരവുമായ വ്യോമഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം വ്യോമയാന സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തി ആഗോളതലത്തില്‍ മുന്‍നിര സിവില്‍ വ്യോമയാന സംവിധാനമായി ഖത്തറിനെ വളര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ അന്താരാഷ്ട്ര പദവിയും വ്യോമയാന മേഖലയിലെ നേതൃത്വവും കൂടുതല്‍ ഉറപ്പാക്കാനും തന്ത്രം ലക്ഷ്യമിടുന്നു.
വ്യോമയാന മേഖലയിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, മേഖലയ്ക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും ഒരുക്കുക, രാജ്യാന്തര വ്യോമബന്ധങ്ങള്‍ വിപുലീകരിക്കുക, നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ദൗത്യങ്ങളായി പുതിയ തന്ത്രത്തില്‍ വിഭാവനം ചെയ്യുന്നത്.
മികവിന്റെയും ആഗോള നേതൃത്വത്തിന്റെയും കാര്യത്തില്‍ ഖത്തറിന്റെ ലക്ഷ്യങ്ങള്‍ക്കും ഖത്തര്‍ ദേശീയ ദര്‍ശനം 2030ന്റെ അഭിലാഷങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ 2025-2030 തന്ത്രപരിപാടിയുമായും ഇത് സംയോജിപ്പിച്ചിട്ടുണ്ട്.
ചടങ്ങില്‍ പുതിയ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍, മൂല്യങ്ങള്‍, അടിസ്ഥാന സ്തംഭങ്ങള്‍ എന്നിവ വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. അടുത്ത ഘട്ടത്തില്‍ ക്യുസിഎഎ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും പ്രധാന സംരംഭങ്ങളും വീഡിയോയില്‍ അവതരിപ്പിച്ചു.
ഖത്തറിന്റെ സിവില്‍ വ്യോമയാന മേഖലയെ കൂടുതല്‍ സുരക്ഷിതവും ആധുനികവും മത്സരക്ഷമവുമാക്കുന്നതിനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തന്ത്രം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

