

മുംബൈ: ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എമിരറ്റ്സും വ്യവസായ പ്രമുഖനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.

പത്മവിഭൂഷനും പത്മഭൂഷനും നല്കി ആദരിച്ച വ്യവസായിയായ രത്തന്‍ ടാറ്റ 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. 2016ല്‍ ഇടക്കാല ചെയര്‍മാനുമായി.

പ്രായത്തിന്റെ പ്രശ്നങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയതെന്നും അദ്ദേഹം രണ്ടു ദിവസം മുമ്പ് എക്സില്‍ കുറിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജെ ആര് ഡി ടാറ്റയുടെ ദത്തുപുത്രന് നവല്‍ ടാറ്റയുടേയും സൂനു ടാറ്റയുടേയും മകനായി 1937 ഡിസംബര്‍ 28നാണ് രത്തന്‍ ടാറ്റ ജനിച്ചത്. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്റ് ജോണ്‍ കോനന്‍ സ്കൂളുകളില്‍ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കരസ്ഥമാക്കി. 1962ല്‍ ടാറ്റാ മോട്ടോഴ്സിന്റെ പഴയ രൂപമായ ടെല്‍കോയില്‍ ട്രെയിനിയായാണ് കരിയര്‍ ആരംഭിച്ചത്.
പൈലറ്റ് കൂടിയായ രത്തന്‍ ടാറ്റ അവിവാഹിതനാണ്.

