
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മയക്കുമരുന്ന് കാര്‍ട്ടല്‍ തലവന്‍ എല്‍മെഞ്ചോ എന്നറിയപ്പെട്ടിരുന്ന നെമെസിയോ ഒസിഗുറ സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാപക അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ ഫിഫ 2026 ലോകകപ്പ് നടത്തിപ്പ് ആശങ്കയിലായി. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന മൂന്ന് മെക്‌സിക്കന്‍ നഗരങ്ങളില്‍ ഒന്നായ ഗ്വാഡലഹാരയില്‍ നിലവില്‍ സംഘര്‍ഷം നടക്കുന്നുണ്ട്.

2026 ലോകകപ്പ് വടക്കേ അമേരിക്കയില്‍ നടക്കുമ്പോള്‍ മെക്‌സിക്കോ, കാനഡ, യു എസ് രാജ്യങ്ങളാണ് ആതിഥേയര്‍. ഗ്വാഡലഹാര, മെക്‌സിക്കോ സിറ്റി, മോണ്ടറി എന്നീ നഗരങ്ങളിലായി മെക്‌സിക്കോയില്‍ 13 മത്സരങ്ങള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ ഫിഫയെ ആശങ്കയിലാക്കിയിട്ടുണ്ട്.

ജാലിസ്‌കോ സംസ്ഥാനത്ത് ഉണ്ടായ വെടിവെപ്പിലാണ് എല്‍ മെഞ്ചോ കൊല്ലപ്പെട്ടത്. ഇതോടെ അദ്ദേഹത്തിന്റെ സംഘമായ ജാലിസ്‌കോ ന്യൂ ജനററേഷന്‍ കാര്‍ട്ടല്‍ (സി ജെ എന്‍ ജി) അനുയായികള്‍ പ്രതികാര ആക്രമണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗ്വാഡലഹാര വിമാനത്താവളത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ വെടിവെപ്പുകളും തീകൊളുത്തലുകളും ജനങ്ങളില്‍ ഭീതിയുണ്ടാക്കി. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നഗരത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ സാഹചര്യത്തിലാണ് ഗ്വാഡലഹാരയില്‍ നടക്കേണ്ട ലോകകപ്പ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായത്. ജൂണ്‍ 11ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മെക്‌സിക്കോ സിറ്റി ഉദ്ഘാടന മത്സരം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേ ദിവസം ഗ്വാഡലഹാരയില്‍ കൊറിയയുടെ മത്സരം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കൊളംബിയയുടെ മത്സരം ജൂണ്‍ 23നും മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വേയും സ്‌പെയിനും തമ്മിലുള്ള മത്സരം ജൂണ്‍ 26നും ഇവിടെ നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ ഗ്വാഡലഹാരയില്‍ മത്സരങ്ങളില്ല. റൗണ്ട് ഓഫ് 16 വരെ മത്സരങ്ങള്‍ മെക്‌സിക്കോ സിറ്റിയിലാണ് നടക്കുക.
രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി ഫിഫയും പ്രാദേശിക സംഘാടകരും തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

