

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ അല്‍ നാസറുമായി കരാര്‍ ഒപ്പുവെച്ചു. 200 ദശലക്ഷം യൂറോയിലധികം വിലമതിക്കുന്നതാണ് കരാറെന്ന് ക്ലബ് പുറത്തുവിട്ടു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബ്ബുകളുടെ മുന്‍ താരമായ പോര്‍ച്ചുഗലിന്റെ 37കാരന്‍ റൊണാള്‍ഡോ നീലയും മഞ്ഞയും നിറത്തിലുള്ള ഷര്‍ട്ട് കൈവശം വെച്ച ചിത്രമാണ് അല്‍ നാസര്‍ ട്വീറ്റ് ചെയ്തത്. ജേഴ്‌സിയുടെ പിറകില്‍ ഏഴ് എന്ന നമ്പറും പ്രിന്റ് ചെയ്തിട്ടുണ്ട്.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ പോര്‍ച്ചുഗീസ് താരം കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വിടവാങ്ങിയത്. ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പ് നവംബറില്‍ വിവാദ അഭിമുഖത്തില്‍ താന്‍ ‘വഞ്ചിക്കപ്പെട്ടു’ എന്നുപറഞ്ഞ് റൊണള്‍ഡോ ക്ലബിനെതിരെ ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് ‘പരസ്പര ഉടമ്പടി പ്രകാരം’ കരാര്‍ അവസാനിപ്പിക്കുന്നതായി യുണൈറ്റഡ് പ്രഖ്യാപിച്ചു.
അല്‍ നാസര്‍ ഒമ്പത് സൗദി അറേബ്യന്‍ ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2019ലാണ് ഒടുവില്‍ കിരീടം നേടിയത്.

