
ദോഹ: നോര്‍ക്ക കെയര്‍ പദ്ധതി പ്രീമിയം തുക വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ പ്രവാസി രംഗത്തെ വിദഗ്ധന്‍ അബ്ദുറഊഫ് കൊണ്ടോട്ടി ടി പി അഷറഫലി എം എല്‍ എയ്ക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന് ടി പി അഷറഫലി തുക പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നല്‍കി.

നേരത്തെ 13411 രൂപ നല്‍കിയാല്‍ പ്രവാസിക്കും പങ്കാളിക്കും 25 വയസ്സിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് കവര്‍ ചെയ്തിരുന്നുവെന്നും എന്നാലിപ്പോള്‍ പ്രസ്തുത തുക വര്‍ധിപ്പിച്ചതിന് പുറമേ പ്രായം അടിസ്ഥാനമാക്കുകയും ചെയ്തതായും അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ചൂണ്ടിക്കാട്ടി. 51 മുതല്‍ 60 വരെ പ്രായമുള്ള പ്രവാസിക്ക് പുതിയ കണക്കു പ്രകാരം മുപ്പത്തി ആറായിരത്തോളം രൂപയാണ് അടക്കേണ്ടി വരിക. ഇത്തരത്തില്‍ എല്ലാ കാര്യങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

നേരത്തെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ നല്‍കിയാല്‍ പ്രവാസി, ജീവിത പങ്കാളി, മൂന്ന് മക്കള്‍, മാതാപിതാക്കള്‍ അല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് ഒരു കോടി രൂപയുടെ കവറേജ് ലഭ്യമായിരുന്നു. എന്നാല്‍ പദ്ധതി പുതുക്കിയതോടെ വയസ്സിന്റെ അടിസ്ഥാനത്തില്‍ ഇത്രയും തുകയുടെ കവറേജ് കിട്ടാന്‍ 41 മുതല്‍ 50 വയസ്സു വരെയുള്ളവര്‍ക്ക് നാലര ലക്ഷത്തോളവും 51 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്ക് ആറേമുക്കാല്‍ ലക്ഷം രൂപയും വാര്‍ഷിക പ്രീമിയമായി അടക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. മാത്രമല്ല ആനുകൂല്യങ്ങളില്‍ കുറവും വന്നിട്ടിണ്ട്.
ഗുരുതര അസുഖങ്ങളായ ഹാര്‍ട്ട് അറ്റാക്ക്, അര്‍ബുദം, കിഡ്നി രോഗം, ബൈപാസ് സര്‍ജറി, ഹൃദയവാല്‍വ് മാറ്റിവെക്കല്‍, സ്‌ട്രോക്ക്, വെന്റിലേഷന്‍ ആവശ്യമുള്ള റെസ്പിറേറ്ററി ഫെയിലിയര്‍ തുടങ്ങിയവയ്ക്ക് ഇപ്പോള്‍ 20 ലക്ഷം രൂപ മാത്രമായി പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഒരുകോടി രൂപ വരെയുള്ള വലിയ തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് എടുക്കുന്നതിലെ സാംഗത്യവും ഇല്ലാതാവുകയാണ്.
ഇതോടൊപ്പം ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ കവറേജ് 10 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായും ഓറല്‍ കീമോ തെറാപ്പിക്ക് ഒരു ലക്ഷം രൂപയുടെ കുറവുമാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ ഹെര്‍ണിയ കവറേജ് അരലക്ഷം രൂപയും തിമിര ശസ്ത്രക്രിയയ്ക്ക് പതിനായിരം രൂപയും ഹൈഡ്രോസെലോറ്റമി ബൈ ലാറ്ററല്‍ അരലക്ഷം രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.
അശാസ്ത്രീയമായ കാര്യങ്ങള്‍ പുനഃപരിശോധിക്കുകയും പ്രവാസികള്‍ക്ക് അനുകൂലമായ വിധത്തില്‍ പദ്ധതി നടപ്പാക്കുകയും വേണം. അല്ലാത്തപക്ഷം പദ്ധതി പ്രയോജനരഹിതമാവുകയും ആളുകള്‍ ചേരാതിരിക്കുകയും ഫലത്തില്‍ നടപ്പിലാവാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുമെന്നും അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ചൂണ്ടിക്കാട്ടി.
നേരത്തെ ഉണ്ടായിരുന്ന പ്രീമിയത്തില്‍ ആനുപാതികമായ നേരിയ മാറ്റം ഉണ്ടാകുന്നത് പ്രവാസികള്‍ സ്വാഗതം ചെയ്തേക്കാമെങ്കിലും ശാസ്ത്രീയ രൂപത്തില്‍ പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

