

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 1ന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ തകര്‍ന്ന മേല്‍ക്കൂരയ്ക്ക് താഴെ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ അഞ്ചര മണിയോടെയാണ് മേല്‍ക്കൂര തകര്‍ന്നതായി ഫോണ്‍ ലഭിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി നാല് ഫയര്‍ ടെന്‍ഡറുകളെങ്കിലും സംഭവസ്ഥലത്തെത്തിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ദേശീയ തലസ്ഥാന മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടിലായി. പല റോഡുകളിലും വാഹനങ്ങള്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുലര്‍ച്ചെയുള്ള യാത്രയും ഏറെ അപകടകരമായിരുന്നു.

