

ദോഹ: മുന്‍തസയിലെ റൗദത്ത് അല്‍ ഖാഇല്‍ പാര്‍ക്ക് മുന്‍സിപാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നാണ് 140,000 ചതുരശ്ര മീറ്ററിലുള്ള റൗദത്ത് അല്‍ ഖാഇല്‍.

വാക്‌വേ, ജോഗ്ഗിംഗ് ട്രാക്ക്, സൈക്കിള്‍ വേ, കുട്ടികളുടെ കളിയിടം, ഫിറ്റ്‌നസ്, ബാര്‍ബിക്യു, പച്ചപ്പ്, മരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ക്കില്‍ മറ്റു സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ യു എസിലെ വില്‍മിംഗ്ടണ്‍ മേയര്‍ മൈക്ക് പുര്‍സിക്കി, യു എസില്‍ നിന്നുള്ള പ്രതിനിധികള്‍, മുന്‍സിപ്പാലിറ്റി മന്ത്രാലയം, അശ്ഗാല്‍, ദോഹ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദോഹയും വില്‍മിംഗ്ടണും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായി മേയര്‍ പാര്‍ക്കില്‍ മരം നട്ടു.

ഏഴ് ഭക്ഷ്യ കിയോസ്‌കുകള്‍, എട്ട് ബാര്‍ബിക്യു കേന്ദ്രങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിവ പാര്‍ക്കിലുണ്ട്. അതോടൊപ്പം കുട്ടികളുടെ കളിയിടം രണ്ടു മുതല്‍ അഞ്ച് വയസ്സുവരെയും ആറു മുതല്‍ 12 വയസ്സു വരെയുമുള്ളവര്‍ക്കായി രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്കും കളിയിടം ഒരുക്കിയിട്ടുണ്ട്.

ദോഹയിലെ ഏറ്റവും പഴയ പാര്‍ക്കുകളിലൊന്നായാണ് റൗദത്ത് അല്‍ ഖാഇല്‍ പാര്‍ക്ക് പരിഗണിക്കപ്പെടുന്നത്. അല്‍ മുന്‍തസ, മുശൈരിബ്, ഫരീജ് അബ്ദുല്‍ അസീസ്, അല്‍ സദ്ദ്, അല്‍ നാസര്‍, സുദാന്‍, നജ്മ, മന്‍സൂറ, അല്‍ ഹിലാല്‍, മതാര്‍ ഖദീം, ന്യൂ സലാത, നുഐജ, ഫരീജ് അല്‍ അസിരി, ഉം ഗുവൈലിന, ഫരീജ് അല്‍ അലി, ന്യൂ ദോഹ, ബിന്‍ മഹമ്മൂദ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും.

