നിയമബോധവത്കരണത്തിന് ‘റൂള്‍ ഓഫ് ലോ’; ഖത്തര്‍ നീതിന്യായ മന്ത്രാലയവും ഖത്തര്‍ ടെലിവിഷനും ചേര്‍ന്ന് പരിപാടി

Web Desk
2 Min Read

ദോഹ: പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങള്‍, ചുമതലകള്‍, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഖത്തര്‍ നീതിന്യായ മന്ത്രാലയം ഖത്തര്‍ ടെലിവിഷനുമായി സഹകരിച്ച് ‘റൂള്‍ ഓഫ് ലോ’ എന്ന പേരില്‍ പുതിയ പരിപാടിക്ക് തുടക്കമിട്ടു.

city exchange

നിയമസംസ്‌കാരം ശക്തിപ്പെടുത്തുകയും നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച അറിവ് പൊതുജനങ്ങളിലെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ സീസണില്‍ 16 എപ്പിസോഡുകളാണുള്ളത്. നിയമവിദഗ്ധര്‍, അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിയമവിഷയങ്ങള്‍ ലളിതവും സംവേദനാത്മകവുമായ രീതിയിലാണ് അവതരിപ്പിക്കുന്നത്.

സമൂഹാംഗങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധ നിയമവിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ട രോഗികളുടെ അവകാശങ്ങളും നിയമപരമായ ഉത്തരവാദിത്വങ്ങളും, വാടക- റിയല്‍ എസ്റ്റേറ്റ് വിഷയങ്ങള്‍, കരാറുകളും ഏജന്‍സികളും, തൊഴില്‍ അവകാശങ്ങളും തൊഴില്‍ നിയമങ്ങളും, കുടുംബം, വ്യക്തിനിയമം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക ബാധ്യതകള്‍, വാണിജ്യ ഇടപാടുകള്‍ എന്നിവയും പരിപാടിയില്‍ വിശദീകരിക്കും.

ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കും. സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഭീഷണിപ്പെടുത്തല്‍, സ്വകാര്യത, വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും ഉപയോഗവും, സാമൂഹികമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഇന്‍ഷുറന്‍സ്, വായ്പ, ഭവനവായ്പ, മധ്യസ്ഥത, ആര്‍ബിട്രേഷന്‍ എന്നിവയിലൂടെ തര്‍ക്കപരിഹാരം തുടങ്ങിയ വിഷയങ്ങളും പരിപാടിയുടെ ഭാഗമാകും.

- Advertisement -
Ad image

കുട്ടികളുടെ അവകാശങ്ങള്‍, കുടുംബ സംരക്ഷണം, ബിസിനസ് പ്രവര്‍ത്തനങ്ങളിലെ നിയമപരമായ ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയ വിഷയങ്ങളും തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ ഉള്‍പ്പെടുത്തും. തങ്ങള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനും വിദഗ്ധരുമായി സംവദിക്കാനും പരിപാടിയിലൂടെ അവസരമുണ്ടാകും. ഇതുവഴി നിയമവിദഗ്ധരും സമൂഹാംഗങ്ങളും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

നിയമത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവ് വര്‍ധിപ്പിക്കുക, നിയമത്തോടുള്ള ബഹുമാനത്തിന്റെ സംസ്‌കാരം വളര്‍ത്തുക, ദേശീയ മാധ്യമങ്ങളിലൂടെ നിയമവിജ്ഞാനം കൂടുതല്‍ ജനങ്ങളിലെത്തിക്കുക എന്നീ നീതിന്യായ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി. നീതി, വിജ്ഞാനം, നിയമവാഴ്ച എന്നിവയില്‍ അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുകയെന്ന ഖത്തര്‍ ദേശീയ ദര്‍ശനം 2030ന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ സംരംഭമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!