
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്‍ പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്ന ബില്ലിന് അനുകൂലമായി 298 എം പിമാരും എതിര്‍ത്ത് 230 അംഗങ്ങളും വോട്ടു ചെയ്തു.

വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതോടെ ലോക്സഭാ മണ്ഡലങ്ങളുടെ പരിധി പുനര്‍ നിര്‍ണയിക്കാനും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമുള്ള ബില്ല് ഉള്‍പ്പെടെ മറ്റ് രണ്ട് ബില്ലുകള്‍ വോട്ടിനിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മറ്റു രണ്ടു ബില്ലുകളും വോട്ടിനിടാതിരുന്നത്.

ലോക്‌സഭയിലെ സീറ്റുകളുടെ വര്‍ധനവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനീതിയും വരുത്തില്ലെന്ന് താന്‍ വ്യക്തിപരമായി ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞെങ്കിലും വിശ്വാസത്തിലെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറായില്ല.
വനിതാ സംവരണ ബില്‍ രാഷ്ട്രീയ കാഴ്ചപ്പാടില്‍ കാണരുതെന്നും ദേശീയ താത്പര്യമാണെന്നും മോഡി പറഞ്ഞു.
ലോക്‌സഭയിലെ സീറ്റുകള്‍ നിലവിലുള്ള 543ല്‍ നിന്ന് 816 ആയി ഉയര്‍ത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം സംരക്ഷിക്കപ്പെടുകയോ ചെറുതായി വര്‍ധിപ്പിക്കുകയോ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസവും സഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.
ബില്ലിനെ എതിര്‍ക്കുന്നതിനും സ്ത്രീകള്‍ക്ക് സംവരണം നിഷേധിക്കുന്നതിനും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി മോഡിയും അമിത് ഷായും ആരോപിച്ചു. ബില്‍ തടഞ്ഞതിന് ഈ പാര്‍ട്ടികള്‍ക്ക് വില നല്‍കേണ്ടിവരുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയവുമായി വനിതാ സംവരണ ബില്ലിനെ ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വനിതാ സംവരണ വിഷയം സര്‍ക്കാര്‍ പുകമറയായി ഉപയോഗിക്കുകയാണെന്നും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം ബി ജെ പിക്ക് അനുകൂലമായി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. സ്ത്രീ ശാക്തീകരണവുമായി ഇതിന് യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇത് വനിതാ ബില്‍ അല്ലെന്നും അദ്ദേഹം ആരോപിച്ചു.
ജാതി സെന്‍സസ് മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഒ ബി സി സഹോദരങ്ങള്‍ക്ക് അധികാരവും പ്രാതിനിധ്യവും നല്‍കുന്നത് ഒഴിവാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

