

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് മുമ്പാകെ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി അമീരി ദിവാനില്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ പ്രധാനമന്ത്രിയായി നിയമിക്കുന്നതിനുള്ള 2023-ലെ അമീരി ഉത്തരവ് നമ്പര്‍ (2) അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

2016 ജനുവരിയില്‍ വിദേശകാര്യ മന്ത്രിയായി നിയമതിനായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടിയിട്ടുണ്ട്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ 2003-ല്‍ സുപ്രിം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സില്‍ സാമ്പത്തിക ഗവേഷകനായി ജോലി ചെയ്തു. 2005 മുതല്‍ 2009 വരെ സാമ്പത്തികകാര്യ ഡയറക്ടറായിരുന്നു അദ്ദേഹം.
2009-ല്‍ പ്രധാനമന്ത്രിയെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹായ പദ്ധതിയുടെ ഡയറക്ടറായും ബിസിനസ് ആന്റ് ട്രേഡ് മന്ത്രാലയത്തിലെ പൊതു- സ്വകാര്യ മേഖല പങ്കാളിത്ത വകുപ്പിന്റെ ഡയറക്ടറായും നിയമിച്ചു. അതേ വര്‍ഷം തന്നെ അദ്ദേഹം ‘എന്റര്‍പ്രൈസ് ഖത്തര്‍’ ആരംഭിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്ന സ്ഥാപനമാണത്. ഖത്തറിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിന് സംരംഭകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വൈവിധ്യവല്‍ക്കരണ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ നയ അജണ്ട.
2010ല്‍ അമീരി ദിവാനിലെ ഫോളോ-അപ്പ് കാര്യങ്ങള്‍ക്കായി പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വ്യക്തിഗത പ്രതിനിധിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അതേവര്‍ഷം തന്നെ ഖത്തര്‍ മൈനിംഗ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഡെപ്യൂട്ടി ചെയര്‍മാനുമായി.
2011ല്‍, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനും ആസ്പയര്‍- കത്താറ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായി. 2012ല്‍ അണ്ടര്‍സെക്രട്ടറി പദവിയിലെത്തി.
2013ല്‍ അന്താരാഷ്ട്ര സഹകരണ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയായി നിയമിതനായി. ഖത്തറിന്റെ വികസനവും സഹായ അജണ്ടയും നടപ്പിലാക്കുന്നതിനൊപ്പം ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
നിലവില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ ചെയര്‍മാനാണ് അദ്ദേഹം. 2014ല്‍ ശൈഖ് മുഹമ്മദ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ പുനഃക്രമീകരണത്തിന് നേതൃത്വം നല്‍കുകയും പ്രാഥമിക, സെക്കന്‍ഡറി വിദ്യാഭ്യാസം, ആഗോള ആരോഗ്യം, സാമ്പത്തിക വികസനം എന്നിവയ്ക്ക് പിന്തുണ നല്‍കണമെന്ന് വാദിക്കുകയും ചെയ്തു.
2018 നവംബര്‍ നാലിന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയര്‍മാനായി നിയമിതനായി.

