
ദോഹ: കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് പ്രൈവറ്റ് ഹോം വിസിറ്റ്‌സ്: വെല്‍നെസ് ആന്‍ഡ് വാക്‌സിനേഷന്‍സ് പദ്ധതിക്ക് സിദ്ര മെഡിസിന്‍ തുടക്കമിട്ടു. യോഗ്യരായ കുട്ടികള്‍ക്ക് പതിവ് ശിശുരോഗ പരിചരണ സേവനങ്ങള്‍ ആശുപത്രിയിലെത്താതെ വീടിന്റെ സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷത്തില്‍ ലഭ്യമാക്കുന്നതാണ് പുതിയ സേവനം.

പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് പതിവ് ആരോഗ്യ പരിശോധനകളും നിശ്ചിത സമയക്രമത്തിലുള്ള ബാല്യകാല പ്രതിരോധ കുത്തിവയ്പ്പുകളും വീട്ടില്‍വെച്ച് തന്നെ ലഭിക്കും. ആരോഗ്യനില വിലയിരുത്തല്‍, വളര്‍ച്ചയും വികസനവും നിരീക്ഷിക്കല്‍, ഭക്ഷണക്രമവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം, മാതാപിതാക്കള്‍ക്കുള്ള ആരോഗ്യ വിദ്യാഭ്യാസം, പതിവ് ബാല്യകാല പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഓരോ ഹോം വിസിറ്റ് അപേക്ഷയും വിദഗ്ധരുടെ ക്ലിനിക്കല്‍ വിലയിരുത്തലിന് വിധേയമാക്കും. കുട്ടിയുടെ വ്യക്തിഗത ആരോഗ്യ ആവശ്യങ്ങള്‍ പരിഗണിച്ച് വീട്ടില്‍വെച്ച് ചികിത്സയും പരിചരണവും നല്‍കുന്നത് സുരക്ഷിതവും അനുയോജ്യവുമാണെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും സേവനം ലഭ്യമാക്കുക.
കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയും വികാസവും ഉറപ്പാക്കുന്നതില്‍ പതിവ് ആരോഗ്യ പരിശോധനകള്‍ക്കും ബാല്യകാല പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കും നിര്‍ണായക പ്രാധാന്യമുണ്ടെന്നും തങ്ങളുടെ പീഡിയാട്രിക് പ്രൈവറ്റ് ഹോം വിസിറ്റ് പദ്ധതി കുടുംബങ്ങള്‍ക്ക് കൂടുതല്‍ സൗകര്യവും സമയക്രമത്തിലെ വഴക്കവും നല്‍കുന്നതിനൊപ്പം സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ശിശുരോഗ പരിചരണം കുട്ടികള്‍ക്ക് തുടര്‍ന്നും ലഭ്യമാക്കുന്നുവെന്നും ക്ലിനിക്കല്‍ സുരക്ഷ, വ്യക്തിഗത പരിചരണം, കുടുംബകേന്ദ്രിത സേവനം എന്നിവയില്‍ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിക്കൊണ്ട് പതിവ് ശിശുരോഗ പരിചരണം കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതിയെന്നും സിദ്ര മെഡിസിനിലെ പീഡിയാട്രിക്‌സ് വിഭാഗം ചെയര്‍ ഡോ. അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.
ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം യോഗ്യരാണെന്ന് കണ്ടെത്തുന്ന സിദ്ര മെഡിസിന്‍ രോഗികള്‍ക്കാണ് പദ്ധതി ലഭ്യമാകുക. അടിയന്തരമോ അടിയന്തര ചികിത്സ ആവശ്യമായതോ ആയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സേവനമല്ല ഇത്. പതിവ് ആരോഗ്യപരിചരണ ആവശ്യങ്ങള്‍ക്കായാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതിയിലൂടെ ആശുപത്രിക്ക് പുറത്തേക്കും കുട്ടികള്‍ക്കുള്ള ആരോഗ്യപരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കുകയാണ് സിദ്ര മെഡിസിന്‍. കുട്ടികളുടെ പതിവ് ആരോഗ്യപരിചരണം കൂടുതല്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യാന്‍ കുടുംബങ്ങള്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം ചികിത്സയിലെ തുടര്‍ച്ച ഉറപ്പാക്കാനും ഈ സേവനം സഹായിക്കുമെന്ന് സിദ്ര മെഡിസിന്‍ അറിയിച്ചു.

