
രാജ്‌കോട്ട്: ദുബായില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോയുടെ യാത്രാവിമാനം കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ‘ഫുള്‍ എമര്‍ജന്‍സി’ പ്രഖ്യാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തു.

എയര്‍ബസ് എ321 വിമാനമായ ഇന്‍ഡിഗോ 6ഇ1452 കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടെത്തിയതായി പൈലറ്റുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനം രാജ്‌കോട്ടിലേക്ക് വഴിതിരിച്ചുവിട്ടത്. ഉച്ചയ്ക്ക് 2.45-ന് വിമാനത്താവളത്തില്‍ ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചെന്നും 3.27-ന് വിമാനം സുരക്ഷിതമായി രാജ്‌കോട്ടില്‍ ഇറങ്ങിയെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്തില്‍ 194 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലാന്‍ഡിങ്ങിന് ശേഷം എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മുന്‍കരുതലിന്റെ ഭാഗമായി പൊലീസ്, അഗ്നിരക്ഷാസേന, ആംബുലന്‍സുകള്‍ എന്നിവ വിമാനത്താവളത്തില്‍ വിന്യസിച്ചു.
യാത്രക്കാര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും രാജ്‌കോട്ട് പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
മുംബൈയില്‍ നിന്ന് എത്തിക്കുന്ന മറ്റൊരു ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഇന്‍ഡിഗോ വക്താവ്, ദുബായ്- മുംബൈ സര്‍വീസ് നടത്തിയ 6ഇ1452 വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായാണ് രാജ്‌കോട്ടിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വ്യക്തമാക്കി.
‘വിമാനം സുരക്ഷിതമായി രാജ്‌കോട്ടില്‍ ഇറങ്ങി. എല്ലാ യാത്രക്കാരും സുരക്ഷിതമായി പുറത്തിറങ്ങി. വിമാനം വീണ്ടും സര്‍വീസ് നടത്തുന്നതിന് മുമ്പ് വിശദമായ പരിശോധന നടക്കുകയാണ്,’ ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.
യാത്രക്കാരെ മുംബൈയിലെത്തിക്കാന്‍ പകരം വിമാനം ഒരുക്കിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണെന്നും കമ്പനി അറിയിച്ചു.
‘ഈ അപ്രതീക്ഷിത സാഹചര്യം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഇന്‍ഡിഗോയുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന,’ വക്താവ് കൂട്ടിച്ചേര്‍ത്തു.
അടിയന്തര ലാന്‍ഡിങ്ങിന് പിന്നാലെ കാര്‍ഗോ ഹോള്‍ഡില്‍ പുക ഉയരാന്‍ കാരണമായ സാഹചര്യം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം പരിശോധന ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിശ്ചിത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ അനുസരിച്ച് സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം മേയില്‍ ഹൈദരാബാദില്‍ നിന്ന് ചണ്ഡീഗഡിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലും സമാനമായ അടിയന്തര സാഹചര്യം ഉണ്ടായിരുന്നു. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ പുക നിറഞ്ഞതോടെ 198 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തില്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വിമാനം ഷഹീദ് ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് പവര്‍ ബാങ്കില്‍ തീപിടിച്ചതായി യാത്രക്കാരന്‍ ജീവനക്കാരെ അറിയിച്ചത്. ക്യാബിന്‍ ക്രൂ ഉടന്‍ തീ അണച്ചെങ്കിലും പുക വ്യാപകമായി പടര്‍ന്നതിനാല്‍ ഇന്‍ഫ്‌ളേറ്റബിള്‍ എമര്‍ജന്‍സി സ്ലൈഡുകള്‍ ഉപയോഗിച്ച് യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. ഒഴിപ്പിക്കല്‍ നടപടിക്കിടെ ഒരു യാത്രക്കാരന് നിസാര പരിക്കേറ്റെങ്കിലും മറ്റെല്ലാവരും സുരക്ഷിതരായിരുന്നു.

