

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരായ സോളാര്‍ മാനനഷ്ടക്കേസ് വിധിക്ക് തിരുവനന്തപുരം ജില്ലാ കോടതിയുടെ സ്റ്റേ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി എസ് അച്യുതാനന്ദന്‍ പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിയാണ് ഉപാധികളോടെ സ്റ്റേ ചെയ്തത്.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ വി എസ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു സബ്‌കോടതി ഉത്തരവുണ്ടായിരുന്നത്.
ഇതിനെതിരെ വി എസ് അച്യുതാനന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വസ്തുതകള്‍ പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വി എസ് നേരത്തെ പ്രതികരിച്ചിരുന്നു.

കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലെന്നും വൈകാരികമായി അല്ലെന്നും നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങളായിരുന്നു കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരുന്നതെന്നും വി എസ് പറഞ്ഞിരുന്നു. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ തോന്നലാണെന്നും വി എസ് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന താന്‍ പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകളൊന്നും ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും വി എസ് പറഞ്ഞു.

