

ദോഹ: യുവ എഴുത്തുകാരന്‍ സുരേഷ് കൂവാട്ടിന്റെ നോവല്‍ ‘മലക്കാരി’ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ എഴുത്തുകാരി ഷീലാ ടോമിയുടെ അവതാരികയോടെയാണ് വിപണിയിലെത്തുന്നത്. കണ്ണൂര്‍ കൈരളി ബുക്ക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

‘അധിനിവേശത്തിന്റെ ചരിത്രം മാത്രം പറയുന്ന വയനാടിന്റെ ഭൂമികയില്‍ നിന്നും ആദ്യമായി ചുരമിറങ്ങി പോയവരുടെ കഥപറയുകയാണ് ‘മലക്കാരി’. എണ്‍പതുകളില്‍ തൊഴിലിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ട കീഴാള പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്ന ദേശമോ സാഹചര്യങ്ങളോ അന്വേഷിക്കാന്‍ പോലുമാവാതെ മക്കളെ നഷ്ടപെട്ട, നിസ്സഹായരായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് ‘മലക്കാരി’ സമര്‍പ്പിക്കുന്നത് എന്ന് എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു.


‘കീഴാളന്റെ മനസ്സിലൂടെ കഥ പറയാന്‍ ശ്രമിക്കുന്നു എന്നതാണ് ‘മലക്കാരി’ എന്ന നോവലിന്റെ മേന്മ. ദേശത്തെയും മനുഷ്യരെയും അറിയാന്‍ ഇവിടെ എഴുത്തുകാരന്‍ ഉദ്യമിക്കുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വര്‍ഷം വല്ലി പണി എടുക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടിരുന്ന മനുഷ്യരുടെ വ്യഥകളെക്കുറിച്ച് പറഞ്ഞ മികച്ച നോവലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ‘മലക്കാരി’യില്‍ സുരേഷ് പറയാന്‍ ശ്രമിക്കുന്നത് അടിയാളരുടെ പീഡകളെക്കുറിച്ചല്ല. അനിതര സാധാരണമായ സ്‌നേഹബന്ധങ്ങളെക്കുറിച്ചാണ്. ഗോത്രജീവിതത്തിന്റെ ചില അടരുകളെങ്കിലും മിഴിവോടെ കാണിച്ചുതരുന്നുണ്ട് മലക്കാരി.’ അവതാരികയില്‍ ശ്രീമതി ഷീലാ ടോമി കുറിച്ചിടുന്നു.
ഖത്തര്‍ പ്രവാസികൂടിയായ സുരേഷ് കൂവാട്ട് പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ ‘ടീ ടൈം’ ഗ്രൂപ്പില്‍ മീഡിയ കോര്‍ഡിനേറ്റര്‍ ആയി സേവനമനുഷ്ഠിക്കുന്നു. സുനജയാണ് ഭാര്യ. അവന്ധികയും ഗൗതമിയും മക്കളാണ്. ആദ്യപുസ്തകമായ ‘തേന്‍വരിക്ക’ എന്ന കഥാസമാഹാരവും നിരൂപക പ്രശംസ പിടിച്ചുപറ്റിയതാണ്. സമൂഹ മാധ്യമങ്ങളില്‍ പുതിയ നോവലിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

