Featured
ടി 20 ലോകകപ്പ് ഇന്ത്യക്ക്
ബ്രിഡ്ജ്ടൗണ്‍: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. ട്വന്റി20 ലോകകപ്പ് രണ്ടാമതും ഇന്ത്യയ്ക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്.
ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു.
ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ വിരാട് കോലി 76 റണ്‍സുമായി ടോപ് സ്‌കോററായി. അക്ഷര്‍ പട്ടേലാണ് (31 പന്തില്‍ 47) തുടക്കത്തിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കോലിയുമൊത്ത് കരകയറ്റിയത്.
ആദ്യ ഓവറില്‍ മാര്‍ക്കോ യാന്‍സനെതിരേ മൂന്നു ബൗണ്ടറിയുമായി തുടങ്ങിയ കോലി മികച്ച ഫോമിലാണ് താനെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ ഓവര്‍ എറിയാനെത്തിയ സ്പിന്നര്‍ കേശവ് മഹാരാജ് രോഹിത്തിന്റേയും (5 പന്തില്‍ 9) ഋഷഭ് പന്തിന്റെയും (2 പന്തില്‍ 0) വിക്കറ്റുകള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയൊന്ന് പതറി.
48 പന്തില്‍ 50 തികച്ച കോലി അടുത്ത പത്ത് പന്തില്‍ 26 റണ്‍സ് കൂടി നേടിയാണ് പത്തൊമ്പതാം ഓവറില്‍ പുറത്തായത്. 59 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 76 റണ്‍സ്. രണ്ടു സിക്‌സും പിറന്നത് അമ്പതിനു ശേഷമായിരുന്നു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയമറിയാതെയാണ് ഫൈനലില്‍ വരെയെത്തിയത്. ദക്ഷിണാഫ്രിക്ക ഇതാദ്യമായാണ് ക്രിക്കറ്റിന്റെ ഏതെങ്കിലും ഫോര്‍മാറ്റില്‍ ഫൈനല്‍ കളിക്കുന്നത്.
177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നെങ്കിലും പതിയെ ടീം താളം കണ്ടെത്തി. വിജയ പ്രതീക്ഷകള്‍ മാറിമറിഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയമുറപ്പിച്ചത് അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു.