

മുംബൈ: സാമൂഹ്യപ്രവര്‍ത്തകയും ബി ജെ പിയുടെ കണ്ണിലെ കരടുമായ ടീസ്ത സെതല്‍വാദിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്നാണ് ടീസ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മുംബൈയിലെ സാന്തക്രൂസ്ത പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

2002ലെ ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് അഭിമുഖം നല്കി ഏതാനും മണിക്കൂറുകള്‍ക്കകമാണ് ടീസ്തയെ കസ്റ്റഡിയിലെടുത്തത്.

ഗുജറാത്ത് വംശഹത്യകേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രിം കോടതി തള്ളുകയായിരുന്നു.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളി സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കിയത്.
2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയും 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2,500 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.
അതിനിടെ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് സി പി എം രംഗത്തുവന്നു. മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്നുവെന്നും ഇവര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും സി പി എം ഫേസ്ബുക്ക് പേജിലൂടെ ആവശ്യമുന്നയിച്ചു.
സുപ്രിം കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ച് സംശയാസ്പദമായ കാരണങ്ങളാല്‍ ഗുജറാത്ത് പൊലീസ് മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തതിനെ സി പി എം ശക്തമായി അപലപിക്കുന്നു. അവരെ വിട്ടയക്കണമെന്നും കള്ളക്കേസ് പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെടുന്നു,’ സി പി എം ഫേസ്ബുക്കില്‍ കുറിച്ചു.

