

ദോഹ: അച്ഛന്റെ മരണത്തിന് പിന്നില്‍ യു ഡി എഫാണെന്ന് സംശയമുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കാന്‍ പിണറായിയോട് പറയാന്‍ ധൈര്യം കാണിക്കണമെന്ന് കുഞ്ഞനന്തന്റെ മകളോട് കെ എം ഷാജി. ദോഹയില്‍ കെ എം സി സി മലപ്പുറം പെരുമ സീസണ്‍ അഞ്ച് സമാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞനന്തന്റെ മരണത്തിന് പിന്നില്‍ സംശയമുണ്ടെന്ന തന്റെ പ്രസംഗത്തിനാണ് അദ്ദേഹത്തിന്റെ മകള്‍ കൊലപാതകത്തിന് പിന്നില്‍ യു ഡി എഫാണെന്ന് ആരോപിച്ചത്. ആ വെള്ളമങ്ങ് വാങ്ങിവെക്കാനും തന്നോട് കുഞ്ഞനന്തന്റെ മകള്‍ പറഞ്ഞു. എന്നാല്‍ വാങ്ങിവെക്കുകയല്ല ആ വെള്ളം തിളച്ചു തുടങ്ങുകയാണെന്ന് മകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കുഞ്ഞനന്തന്റെ മരണം എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ കൊലപാതകം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തില്‍ എം എല്‍ എ ആയിരുന്ന ആളാണ് താനെന്നും ജയിലിലുള്ളവര്‍ക്കെല്ലാം ഒരേ ഭക്ഷണമാണ് നല്‍കുന്നതെന്നും അതില്‍ കുഞ്ഞനന്തന് മാത്രം ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമെന്തെന്നും കെ എം ഷാജി ചോദിച്ചു. അങ്ങനെയെങ്കില്‍ കുഞ്ഞനന്തന് പ്രത്യേക ഭക്ഷണം നല്‍കുന്നുണ്ടോ എന്ന ചോദ്യവും ഷാജി ഉന്നയിച്ചു.
സ്റ്റാലിന്റെ കാലം മുതല്‍ തങ്ങള്‍ക്കെതിരെ വന്നേക്കാവുന്ന ആളുകളെ കൊലപ്പെടുത്തുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്കുണ്ട്. അഴീക്കോടന്‍ രാഘവന്റേയും കൃഷ്ണപിള്ളയുടേയും മരണത്തില്‍ സംശയമുണ്ട്. റഷ്യയിലെ പുടിന്‍ നവല്‍നിയെ കൊലപ്പെടുത്തിയത് ഈയ്യിടെയാണെന്നും അദ്ദേഹം പറഞ്ഞു. ഫസല്‍ കേസിലെ പ്രതികളും സാക്ഷികളും പല ഘട്ടങ്ങളിലായി കൊല്ലപ്പെട്ടു. ശുക്കൂര്‍ കൊലക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു. അയാളുടെ ഭാര്യയും ആത്മഹത്യ ചെയ്തു.
ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ മാഷാ അല്ലാഹ് എന്നെഴുതിയ കാര്‍ ഉപയോഗിച്ചതു പോലെ തലശ്ശേരിയിലെ ഫസല്‍ കൊലപാതകത്തില്‍ ആര്‍ എസ് എസുകാരനാണെന്ന് തോന്നാന്‍ ടവ്വല്‍ കൊണ്ടിട്ടത് ക്ഷേത്രത്തിലാണ്. ആര്‍ എസ് എസുകാരന്റേതാണ് ക്ഷേത്രമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. എല്ലാവരും കൂടി അതാക്കുകയാണ്. ഫസല്‍ കൊലക്കേസില്‍ ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമിച്ചത്. അന്ന് കേസന്വേഷിച്ച ഡി വൈ എസ് പി രാധാകൃഷ്ണനെ സത്യം പറഞ്ഞതിന് കൊല്ലാക്കൊല ചെയ്യുകയാണുണ്ടായത്. അദ്ദേഹത്തിന് ഐ പി എസ് കൊടുക്കാനോ പെന്‍ഷന്‍ നല്‍കാനോ ഭരണകൂടം തയ്യാറായില്ല. ആര്‍ എസ് എസുകാരെ പ്രതിചേര്‍ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അയാള്‍ കേള്‍ക്കാതിരുന്നതാണ് അതിന് കാരണം. കൊന്നത് സി പി എമ്മാണെന്ന് തനിക്ക് കൃത്യമായ ഉറപ്പുണ്ടെന്നാണ് ഡി വൈ എസ് പി പറഞ്ഞത്. ഡി വൈ എസ് പിയായിട്ടും രാധാകൃഷ്ണനെ അടിച്ചൊതുക്കി ആശുപത്രിയിലാക്കി. താനയാളെ ആശുപത്രിയില്‍ പോയി കണ്ടിട്ടുണ്ടെന്നും കെ എം ഷാജി പറഞ്ഞു. ഒടുവലദ്ദേഹത്തെ പെണ്ണുകേസില്‍ പെടുത്തുകയും ചെയ്തു. അദ്ദേഹം കര്‍ണാടകയില്‍ സെക്യൂരിറ്റി ജീവനക്കാരനായി പോയിട്ടുണ്ടെന്നത് അറിയണമെന്നും കെ എം ഷാജി പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ തനിക്കൊരു ആത്മസുഹൃത്തും രാഷ്ട്രീയപരമായി കൂടുതല്‍ ബന്ധങ്ങളുമുണ്ടായിരുന്നുവെന്നും പറഞ്ഞ കെ എം ഷാജി തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെ ഖബറടക്കി വരുമ്പോള്‍ തങ്ങളുടെ വാഹനത്തിന് നേരെ രണ്ടു തവണ ബോംബേറുണ്ടായ കാര്യവും സൂചിപ്പിച്ചു. അന്നു താന്‍ പറഞ്ഞത് കൊന്നവനെയല്ല കൊല്ലിച്ചവനെയാണ് പിടിക്കേണ്ടതെന്നായിരുന്നു. ടി പിയെ വധിച്ചവരില്‍ ആദ്യത്തെ ഏഴുപേര്‍ക്ക് ടി പിയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഏഴിനപ്പുറത്ത് കുഞ്ഞനന്തന്‍ മുതല്‍ അങ്ങേയറ്റ് പിണറായി വിജയന്‍ വരെയാണ് പ്രതികളെന്നും ഷാജി കുറ്റപ്പെടുത്തി.
കേരളം രാഷ്ട്രീയത്തില്‍ അവിശുദ്ധമായ നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ട്. തലശ്ശേരി ഫസല്‍ വധക്കേസിലെ അന്വേഷണം നടത്തിയ ഡി വൈ എസ് പിക്ക് അനുഭവിക്കേണ്ടി വന്നതുപോലുള്ള നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അതൊക്കെ മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ സ്വീകരിച്ച ശക്തമായ നിലപാടുകളാണ് ശുക്കൂര്‍ വധക്കേസിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും നടപടികള്‍ ശക്തമാകാന്‍ കാരണം.
നമ്മുടെയൊക്കെ ഇടങ്ങളെ എത്രമേല്‍ മനോഹരമാക്കാന്‍ കഴിയുമോ അത് ചെയ്യാന്‍ ശ്രമിക്കണമെന്നും ബാധ്യതകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്ന ശക്തിയായിരിക്കുകയും വേണമെന്നും കെ എം ഷാജി ഓര്‍മിപ്പിച്ചു. എന്തു വിമര്‍ശനങ്ങളേയും മറികടക്കാന്‍ സാധിക്കുന്ന ക്രിയാത്മക ഉള്ളിലുണ്ടാവുകയും അനീതി കാണുമ്പോള്‍ ശബ്ദിക്കുന്ന മാപ്പിളയാകണമെന്നും അദ്ദേഹം വിശദമാക്കി. നാം നില്‍ക്കുന്നത് എന്തിനാണെന്നത് സ്വയം ബോധ്യമുണ്ടാകണം. ലാഭനഷ്ടത്തിനപ്പുറം ചുറ്റുപാടുകളില്‍ നടക്കുന്നത് അചഞ്ചലമായി വിളിച്ചു പറയാനാവണമെന്നും കെ എം ഷാജി മലപ്പുറം പെരുമയില്‍ പറഞ്ഞു.

