
ദോഹ: ജി പി കുഞ്ഞബ്ദുല്ലയെന്ന ജി പി ചാലപ്പുറത്തിന്റെ ഫോണ്‍ ഇന്ന് വിശ്രമമറിഞ്ഞിട്ടില്ല. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അദ്ദേഹത്തിന്റെ ഫോണിലേക്ക് തുരുതുരാ വിളിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയും എം പിയുമായ കെ സി വേണുഗോപാലിന്റെ ടെലിഫോണ്‍ റിംഗ് ചെയ്തപ്പോഴാണ് ജി പിയുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്.

ഹൈബി ഈഡന്‍ എം പി, പി സി വിഷ്ണുനാഥ് തുടങ്ങിയവരൊക്കെ കുറച്ചു മുമ്പാണ് വിളിച്ചു വെച്ചത്. ഒറ്റ രാത്രി ഇരുളുമ്പോഴേക്കും ജി പി കുഞ്ഞബ്ദുല്ല കോണ്‍ഗ്രസുകാര്‍ക്കിടയിലെ തിളങ്ങുന്ന നക്ഷത്രമായതിന് കാരണമുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെ മുക്കിലും മൂലയിലും പാടിത്തിമര്‍ത്ത ഒരു ഗാനം രചിച്ചത് ജി പി ചാലപ്പുറമാണ്- ‘പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായി മാറ്റിയേ, സ്വര്‍ണപ്പാളികള്‍ മാറ്റിയേ ശാസ്താവിന്‍ ധനമൂറ്റിയേ’ എന്ന ഗാനമാണ് ജി പിയുടെ തൂലികയില്‍ പിറന്നത്. ‘സ്വാമിയേ അയ്യപ്പാ’ എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ ട്യൂണിലുള്ള പാട്ട് ഹനീഫ മുടിക്കോടിന്റെ സംഗീതത്തില്‍ ഡാനിഷ് മുഹമ്മദാണ് ആലപിച്ചത്.

വരികളുടെ പ്രത്യേകതയും ഭക്തിഗാനത്തിന്റെ സംഗീതവും അതിലേറെ സമകാലിക സംഭവങ്ങളുടെ തുടര്‍ച്ചയും ചേര്‍ത്തുള്ള ഗാനം ഹിറ്റാകാന്‍ അധികം സമയം വേണ്ടിവന്നില്ല. യു ഡി എഫിനു വേണ്ടിയാണ് പാട്ട് പുറത്തിറങ്ങിയതെങ്കിലും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ബി ജെ പിയും ഈ പാട്ട് ഉപയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി ഖത്തറിലുള്ള നാദാപുരം സ്വദേശിയായ ജി പി ചാലപ്പുറം മുപ്പത് വര്‍ഷത്തിലേറെയായി ഗാനങ്ങള്‍ എഴുതുന്നുണ്ട്. അതില്‍ നിരവധി രാഷ്ട്രീയ ഗാനങ്ങള്‍ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ മാത്രമല്ല മികച്ച കവിതകളും ജി പി എഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകളുടെ സമാഹാരമായ മാപ്പിളപ്പാട്ടിന്‍ വര്‍ണചരിത്രം എന്ന പുസ്തകം ഈയ്യിടെ പ്രസിദ്ധീകരിച്ചിരുന്നു.

