

ദോഹ: ഫാസിസ്റ്റ് ഭരണത്തെ ഒറ്റക്ക് നേരിടാമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കില്‍ അത് മൂഡമായ വിശ്വാസം മാത്രമാണെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു. യുവകലാ സാഹിതി പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച് യുവകലാസാഹിതി ഖത്തറിന്റെ സഫിയ അജിത്ത് സ്ത്രീ ശക്തി അവാര്‍ഡ് 2023 സ്വീകരിക്കാന്‍ ഖത്തറിലെത്തിയ ആനി രാജ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

2024ല്‍ ഇന്ത്യയില്‍ ദേശീയ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ മാത്രമേ ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളു. അതിന് കോണ്‍ഗ്രസുമായി ഇടതുപക്ഷം കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും ആനി രാജ പറഞ്ഞു.

കോണ്‍ഗ്രസ് മതേതരത്വ പാര്‍ട്ടിയാണ്. ത്രിപുരയിലെ ഒരു പരാജയം മാത്രം നോക്കി സഖ്യത്തെ വിലയിരുത്താനാവില്ലെന്നും അവര്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കേരളത്തില്‍ ആവശ്യമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കേരളത്തില്‍ സി പി ഐ രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി സഹകരിക്കാതിരുന്നതെന്നും ആനി രാജ വ്യക്തമാക്കി.
2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പുനരേകീകരണം നടക്കണം. അധികാരത്തിലുള്ളവരോട് ഒന്നും പറയാന്‍ പാടില്ലെന്ന നിലപാട് ശരിയല്ലെന്നും സര്‍ക്കാറിനോട് ഭരണകക്ഷി കാര്യങ്ങള്‍ പറയുന്നത് ഭരണം നന്നാക്കാന്‍ വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ പറ്റുന്ന നിരവധി പേരുണ്ടെങ്കിലും അക്കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. കാലം മാറുന്നതിന് അനുസരിച്ച് ഇടതുപക്ഷവും മാറേണ്ടതുണ്ട്.
വോട്ടിംഗ് മെഷിനെ കുറിച്ച് വ്യാപകമായ പരാതികള്‍ നിലവിലുള്ളതിനാല്‍ ബാലറ്റിലേക്ക് തന്നെ തിരികെ പോകണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

