

ദോഹ: ഈത്തപ്പഴങ്ങള്‍ മാത്രമല്ല അവയുടെ വ്യത്യസ്ത ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദര്‍ശനം ഫെബ്രുവരി 24ന് സമാപിക്കും. നൂറുകണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രദര്‍ശനം സൂഖ് വാഖിഫിന്റെ കിഴക്കന്‍ വേദിയിലാണ് തുടരുന്നത്.

ഖത്തറിന് പുറമേ സൗദി അറേബ്യ, യെമന്‍, അള്‍ജീരിയ, ഒമാന്‍, പാകിസ്ഥാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 95 കമ്പനികളാണ് പ്രദര്‍ശനത്തിലുള്ളത്. സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച ഈത്തപ്പഴങ്ങളെയും അവയുടെ വിവിധ ഉത്പന്നങ്ങളെയും കുറിച്ച് അറിയാന്‍ പ്രദര്‍ശനം സഹായിക്കുന്നു.


രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നര രാത്രി 10 വരെയുമാണ് പ്രദര്‍ശന സമയം.
റമദാനില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഈത്തപ്പഴവും അതിന്റെ വ്യത്യസ്ത ഉത്പന്നങ്ങളുംം വിശാലമായ വിപണിയില്‍ എത്തിക്കുകയെന്ന ലക്ഷ്യവും പ്രദര്‍ശനത്തിനുണ്ട്.

ഗുണനിലവാരം, ആരോഗ്യ- ഭക്ഷ്യ മാനദണ്ഡങ്ങള്‍ പാലിക്കല്‍, പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മത്സര ഉത്പന്നങ്ങള്‍ നല്‍കാനുള്ള കഴിവ് തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പ്രദര്‍ശനത്തില്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഖത്തറി കമ്പനികളില്‍ നിന്നുള്ള വലിയ പങ്കാളിത്തം പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ഖത്തറിലെ ഈത്തപ്പഴ വ്യവസായത്തിന്റെ വളര്‍ച്ചയെയും പ്രാദേശിക, അന്തര്‍ദേശീയ ഉത്പന്നങ്ങളുമായി മത്സരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഈത്തപ്പഴം നല്‍കാനുള്ള പ്രാദേശിക ഉല്‍പാദകരുടെ പ്രതിബദ്ധതയുമാണ് വലിയ പങ്കാളിത്തം തെളിയിക്കുന്നത്.
ഈത്തപ്പഴ മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ എടുത്തുകാണിക്കുന്ന പ്രദര്‍ശനം പ്രാദേശിക വിപണിയില്‍ ഈത്തപ്പഴത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

അറബ് വംശജര്‍ ഏറ്റവും അന്വേഷിച്ചെത്തുന്ന ഈത്തപ്പഴങ്ങള്‍ ഖലാസയും സുഖരിയുമാണ്. മദീനയില്‍ നിന്നും നേരിട്ടെത്തുന്ന ഈത്തപ്പഴങ്ങളോട് പൊതുവെ കൂടുതല്‍ താത്പര്യം കാണിക്കാറുണ്ട്.
സൂഖ് വാഖിഫിന്റെ സൗന്ദര്യത്തോടൊപ്പം ഈത്തപ്പഴത്തിന്റേയും ഉത്പന്നങ്ങളുടേയു രുചി കൂടി ചേരുമ്പോള്‍ ആയിരങ്ങളെയാണ് പ്രദര്‍ശനം ആകര്‍ഷിക്കുന്നത്.

