

ദോഹ: വൈവിധ്യമാര്‍ന്ന ഇടപെടലുകള്‍ നടത്തി ലോകത്തെ വിസ്മയിപ്പിച്ച ഖത്തര്‍ ലോകകപ്പിലും അതിന്റെ ഉദ്ഘാടന പരിപാടികളിലും മറ്റുള്ളവര്‍ക്ക് നല്‍കുന്ന പരിഗണനയും അംഗീകാരവും ഭിന്നശേഷിക്കാര്‍ക്ക് കൂടി നല്‍കിയത് തങ്ങളെ പോലുള്ളവര്‍ക്ക് ആത്മവിശ്വാസവും കരുത്തും നല്‍കുന്നതാണെന്ന് ആസിം വെളിമണ്ണ. ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്‌നേഹാദരത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പ് ഉദ്ഘാടന പരിപാടിയില്‍ ഗാനിം അല്‍ മുഫ്തയിലൂടെ ഖത്തര്‍ നല്‍കിയ സന്ദേശം ലോകത്ത് ഒരു വിഭാഗവും മാറ്റി നിര്‍ത്തപ്പെടേണ്ടവര്‍ അല്ലെന്നും ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടുന്ന പരിഗണയും പ്രോത്സാഹനവും നല്‍കിയാല്‍ എല്ലാ മേഖലകളിലും അവര്‍ക്കും ശോഭിക്കാന്‍ കഴിയുമെന്നുള്ളതാണ്. ഇത്തരം ഒരു സന്ദേശം ലോകത്തിന് നല്‍കി ഞങ്ങളെ ചേര്‍ത്തുപിടിച്ച ഖത്തര്‍ ഭരണാധികാരികളെയും ലോകകപ്പ് സംഘാടകരെയും അഭിനന്ദിക്കുകയാണെന്നും ആസിം കൂട്ടി ചേര്‍ത്തു.

തന്റെ പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കും അഭിരുചികള്‍ക്കും അനുസൃതമായ പ്രോത്സാഹനവും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തിയില്‍ മുന്നോട്ട് പോകാനാണ് താന്‍ തീരുമാനിച്ചത്. അതിനായി എല്ലാ രൂപത്തിലും കെ എം സി സിയുടെ പിന്തുണ ഉണ്ടാകണമെന്നും ആസിം അഭ്യര്‍ഥിച്ചു.
ഭാവിയില്‍ സ്‌പോര്‍ട്‌സ് അക്കാദമി പോലുളള വലിയ സ്വപ്നങ്ങള്‍ താലോലിച്ചു മുന്നോട്ട് പോകുന്ന ആസിമിന് ഖത്തര്‍ കെ എം സി സിയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ അറിയിച്ചു. ജില്ല പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ലോകകപ്പ് കാണാന്‍ ഖത്തറില്‍ എത്തിയ ആസിം കഴിഞ്ഞ ദിവസം ഗാനിം അല്‍ മുഫ്തയെ സന്ദര്‍ശിക്കുകയും കേരളത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഫൗണ്ടേഷന്‍ രൂപീകരണത്തെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു.

