
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ലെന്നും മമതാ ബാനര്‍ജിയാണെന്നും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ മുഖപത്രമായ ‘ജാഗോ ബംഗ്ല’യില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വിശകലന ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.


പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പക്ഷേ, നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല. മമതാ ബാനര്‍ജിയാണ് മോദിക്ക് ബദലായി മുന്നില്‍ നിര്‍ത്താവുന്ന ഏക പ്രതിപക്ഷ നേതാവ്. മമതയെ ഉയര്‍ത്തിക്കാട്ടി കാമ്പയിന്‍ നടത്തുകയാണെങ്കില്‍ വിജയം സുനിശ്ചിതമാണെന്നും ലേഖനത്തില്‍ പറയുന്നു.

തൃണമൂലിന്റെ മുതിര്‍ന്ന നേതാവും ലോക്‌സഭയിലെ കക്ഷിനേതാവുമായ സുധീപ് ബന്ദോപാധ്യായ ഈ മാസം 15ന് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ‘ജാഗോ ബംഗ്ല’യിലെ ലേഖനം.
രാജ്യത്തിന് ഒരു ബദല്‍ ആവശ്യമാണെന്നും സുധീപ് ബന്ദോപാധ്യായെ ഉദ്ധരിച്ചുകൊണ്ട് പത്രം അഭിപ്രായപ്പെട്ടു.
‘എനിക്ക് രാഹുല്‍ ഗാന്ധിയെ വര്‍ഷങ്ങളായി അറിയാം. പക്ഷേ അദ്ദേഹം മോദിക്ക് ബദലായി ഉയര്‍ന്നുവരുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരി ക്കുകയാണ്. രാജ്യത്തിന് മുഴുവന്‍ ഇപ്പോള്‍ മമതയെ ആവശ്യമാണ്. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും സംസാരിച്ച് മമതയെ ഒരു ബദലായി ഉയര്‍ത്തിക്കാട്ടണം,’ ബന്ദോപാധ്യായ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതാണ് പത്രത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

