

അങ്കാറ: ഒരു ദശാബ്ദത്തിന് ശേഷം തുര്‍ക്കിയും ഈജിപ്തും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തലസ്ഥാനങ്ങളിലേക്ക് അംബാസഡര്‍മാരെ നിയമിച്ചു.

അംര്‍ എല്‍ഹമാമി അങ്കാറയിലെ ഈജിപ്തിന്റെ അംബാസഡറാകുമെന്നും സാലിഹ് മുത്‌ലു സെന്നിനെ കയ്‌റോയിലെ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതിന് അന്നത്തെ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സിസി നേതൃത്വം നല്‍കിയതിനെത്തുടര്‍ന്ന് 2013ലാണ് തുര്‍ക്കി ബന്ധം വിഛേദിച്ചത്.
തുര്‍ക്കി അംബാസഡറെ പുറത്താക്കിയ ഈജിപ്ത് രാജ്യത്തെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന സംഘടനകളെ തുര്‍ക്കി പിന്തുണയ്ക്കുന്നുവെന്നാണ് ആരോപിച്ചിരുന്നത്.

