

വെസ്റ്റ്ബാങ്ക്: ഒക്യുപൈഡ് വെസ്റ്റ്ബാങ്ക് നഗരമായ നബ്‌ലുസില്‍ ഇസ്രായേലി സൈന്യം രാത്രി നടത്തിയ റെയ്ഡില്‍ രണ്ട് ഫലസ്തീനികളെ വെടിവെച്ചു കൊന്നതായി ഫലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം പുലര്‍ച്ചെ അറിയിച്ചു.

മുഹമ്മദ് അസീസ് (25), അബ്ദുല്‍ റഹ്മാന്‍ ജമാല്‍ സുലൈമാന്‍ ശോഭ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് അസീസിന്റെ നെഞ്ചിലും അബ്ദുല്‍ റഹ്മാന്റെ തലയിലുമാണ് വെടിയേറ്റത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

നെബ്‌ലുസില്‍ റെയ്ഡ് നടത്തിയതായി ഇസ്രായേല്‍ ആര്‍മി അറിയിച്ചെങ്കിലും ഫലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിവരങ്ങളെ കുറിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല. ഇരുഭാഗത്തു നിന്നും വെടിവെയ്പുണ്ടായതായും പറയുന്നു.
മാര്‍ച്ചിന് ശേഷം 52 ഫലസ്തീനികളെങ്കിലും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ ഭൂരിപക്ഷവും വെസ്റ്റ്ബാങ്കിലാണ്. അല്‍ജസീറ മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ല ഉള്‍പ്പെടെ ഇതിലുണ്ട്. ജെനിനിലെ ഇസ്രായേലി റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ഫലസ്തീനിയന്‍- അമേരിക്കന്‍ പൗരത്വമുള്ള ഷിറിന്‍ അബു അഖ്‌ല ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഇതേ സമയത്തു തന്നെ ഭൂരിപക്ഷം ഇസ്രായേല്‍ പൗരന്മാര്‍ ഉള്‍പ്പെടെ 19 പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ പലതിലും ഫലസ്തീനികളാണ് ആക്രമണം നടത്തിയത്. മൂന്ന് ഇസ്രായേലി അറബ് ആക്രമണകാരികളും കൊല്ലപ്പെട്ടിട്ടുണ്ട്.

