പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന നിയന്ത്രണങ്ങള്‍ യു എ ഇ പിന്‍വലിച്ചു

Web Desk
2 Min Read

അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ വിമാന ഗതാഗത നിയന്ത്രണങ്ങളും പിന്‍വലിച്ചതായി യു എ ഇ അറിയിച്ചു. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

city exchange

രാജ്യത്തിന്റെ വ്യോമപരിധിയില്‍ എല്ലാ വിമാന സര്‍വീസുകളും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പ്രവര്‍ത്തന- സുരക്ഷാ സാഹചര്യങ്ങളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് തീരുമാനം സ്വീകരിച്ചതെന്ന് അതോറിറ്റി അറിയിച്ചു. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര യാത്രക്കാരുടെ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്രാ വിമാനത്താവളമുള്ള ദുബൈയും അബൂദാബിയും ഉള്‍പ്പെടുന്ന യു എ ഇയിലെ പ്രധാന ഹബുകള്‍ക്ക് ഇത് നിര്‍ണായക മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച നിയന്ത്രണങ്ങള്‍ കാരണം ഇവിടങ്ങളില്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരുന്നു.

ഇറാനെതിരായ യുദ്ധം മിഡില്‍ ഈസ്റ്റിലെ വ്യോമഗതാഗതത്തെ ഗണ്യമായി ബാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തിരിച്ചടി ആക്രമണങ്ങള്‍ മൂലം മേഖലയുടെ വലിയ വ്യോമപരിധി അടച്ചുപൂട്ടേണ്ടിവന്നിരുന്നു.

- Advertisement -
Ad image

യു എ ഇ, ഇറാഖ്, ജോര്‍ദാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ വ്യോമപരിധി അടച്ചതായി പ്രഖ്യാപിച്ചിരുന്നു.
യു എ ഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഫ്‌ളൈദുബൈ എന്നിവ താത്ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവെച്ചപ്പോള്‍ ഇത്തിഹാദ് എയര്‍വെയ്‌സ് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ 11,000-ത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതായി വ്യോമഗതാഗത ഡാറ്റാ സ്ഥാപനം സിറിയം അറിയിച്ചു.

ഫെബ്രുവരി അവസാനം താത്ക്കാലികവും ഭാഗികവുമായ വ്യോമപരിധി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച യു എ ഇ മാര്‍ച്ചില്‍ ഘട്ടംഘട്ടമായി തുറക്കല്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ 12 വരെ ഭാഗികമായി സര്‍വീസുകള്‍ പുന:രാരംഭിച്ചപ്പോള്‍ 14 ലക്ഷം യാത്രക്കാരെ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തതോടൊപ്പം 7,839 വിമാന ചലനങ്ങള്‍ രേഖപ്പെടുത്തി. ദേശീയ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം സാധാരണ നിലയുടെ 44.6 ശതമാനമായി വീണ്ടെടുത്തു.

പ്രാദേശിക വ്യോമഗതാഗത രംഗത്ത് പുനരുജ്ജീവനത്തിന്റെ സൂചനകള്‍ പ്രകടമാണ്. ഖത്തര്‍ എയര്‍വെയ്‌സ് മെയ് 10 മുതല്‍ ഇറാഖിലെ മൂന്ന് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന് അറിയിച്ചു. ജൂണ്‍ മധ്യത്തോടെ ആറു ഭൂഖണ്ഡങ്ങളിലായി 150ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!