
ദുബായ്: യു എ ഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ ആറാം സ്ഥാനത്താണ് അദ്ദേഹത്തിനുള്ളത്.

റീട്ടെയ്ല്‍, നിര്‍മ്മാണ മേഖല, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യു എ ഇയുടെ സമഗ്രവികസനത്തിന് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് റാങ്കിങ്ങ്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് പട്ടികയില്‍ മുന്നിലുള്ളത്. 110 ബില്യണ്‍ ഡോളറാണ് ആസ്തി. റഷ്യന്‍ (3), യു കെ (2), കാനഡ (2) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പട്ടികയില്‍ മുന്നിലുണ്ട്. പട്ടികയില്‍ മുന്നിലുള്ള റിയല്‍ എസ്റ്റേറ്റ്, നിക്ഷേപ മേഖലകളില്‍ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യണ്‍ ഡോളറാണ്.
ഗൗതം ആദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയാണ് (20.8 ബില്യണ്‍ ഡോളര്‍) പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. എനര്‍ജി കമ്പനിയായ എസ് യു ഇ കെ സ്ഥാപകനും റഷ്യന്‍ സ്വദേശിയുമായ ആന്‍ഡ്രി മെല്‍നിചെങ്കോയാണ് (20.4 ബില്യണ്‍ ഡോളര്‍) മൂന്നാമത്. 41 വയസ് പ്രായമുള്ള നാലും അഞ്ചും സ്ഥാനത്തുള്ള ടെലഗ്രാം സ്ഥാപകന്‍ പവെല്‍ ദുറോവും ഫിന്‍ടെക് കമ്പനിയായ റിവൊലുട് സ്ഥാപകന്‍ നിക് സ്റ്റോറോന്‍സ്‌കിയുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നര്‍.
ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗതിയാനി (5.6 ബില്യണ്‍ ഡോളര്‍), ആര്‍ പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (4.2 ബില്യണ്‍ ഡോളര്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പി എന്‍ സി മേനോന്‍ (3.9 ബില്യണ്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡജിങ്ങ്‌സ് ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ (1.8 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാര്‍. ഒന്‍പത് ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടം നേടിയത്.
പട്ടികയില്‍ ഏറ്റവും കൂടുതല്‍ സമ്പന്നര്‍ ഇടം പിടിച്ചത് ഇന്ത്യയില്‍ നിന്നാണ്. 49.9 ബില്യണ്‍ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യന്‍ സമ്പന്നരുടെ ആകെ ആസ്തി. ത്രിവേണി ഗ്രൂപ്പ് ചെയര്‍മാന്‍ 81കാരനായ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി.

