

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാതോമസ് കാക്കനാട് കളക്ടറേറ്റില്‍ വരണാധികാരി വിധു മേനോനു മുമ്പില്‍ നോമിനേഷന് സമര്‍പ്പിച്ചു.

പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് സൈക്കിള്‍ റിക്ഷയിലെത്തിലാണ് നോമിനേഷന് സമര്‍പ്പിച്ചത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവില വര്‍ധനവിലൂടെ നടത്തുന്ന ജനദ്രോഹ നടപടിയിലുള്ള പ്രതിഷേധമായാണ് ഇത്തരം ഒരു രീതി സ്വീകരിച്ചതെന്ന് ഉമാ തോമസ് പറഞ്ഞു. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പി ടി തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഉമ തോമസ് പറഞ്ഞു.


പി ടി തോമസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെയും യു ഡി എഫ് നേതാക്കളുടെയും അകമ്പടിയോടെയാണ് ഉമാ തോമസ് എത്തിയത്. എം പിമാരായ ഹൈബി ഈഡനും ജെ ബി മേത്തറും ഉമാ തോമസിനൊപ്പം റിക്ഷയില്‍ ഉണ്ടായിരുന്നു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് റിക്ഷ ചവിട്ടിയത്.
ബെന്നി ബെഹനാന് എം പി, എം എല്‍ എമാരായ ടി ജെ വിനോദ്, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, യു ഡി എഫ് നേതാക്കളായ ഷിബു തെക്കുംപുറം, വി പി സജീന്ദ്രന്, കെ പി ധനപാലന്, പി കെ ജലീല്‍, ജോസഫ് അലക്സ്, നൗഷാദ് പല്ലച്ചി, ജോഷി പള്ളന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ടി എച്ച് മുസ്തഫ, പി പി തങ്കച്ചന് എന്നിവരെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉമാ തോമസ് നാമനിര്‍ദേശ പത്രിക നല്കാന് എത്തിയത്.

