

ദോഹ: 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഖത്തറിന്റെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന മൊത്തം വരുമാനം 197 ബില്യണ്‍ റിയാലാണെന്ന് ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി പ്രഖ്യാപിച്ചു, ഇത് കഴിഞ്ഞ വര്‍ഷത്തെ മൊത്തം ബജറ്റ് വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.5 ശതമാനം കുറവാണ്.

സാമ്പത്തിക വഴക്കം വര്‍ധിപ്പിക്കാനും ചെലവുകളുടെ സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ട് ബാരലിന് 60 ഡോളര്‍ എന്ന ശരാശരി എണ്ണവില കണക്കാക്കിയാണ് ബജറ്റ് തയ്യാറാക്കിയത്. എണ്ണ, വാതക വരുമാനം കണക്കാക്കുന്നതില്‍ രാജ്യം പതിവ് സമീപനം തുടരുകയാണെന്ന് ധനമന്ത്രി സൂചിപ്പിച്ചു.

2024 ബജറ്റിലെ 159 ബില്യണ്‍ റിയാലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025ലെ എണ്ണ, വാതക വരുമാനത്തിന്റെ എസ്റ്റിമേറ്റ് 154 ബില്യണ്‍ റിയാലാണ്. ഇത് 3.1 ശതമാനത്തിന്റെ കുറവാണ് കാണിക്കുന്നത്. പ്രതീക്ഷിക്കുന്ന എണ്ണ ഇതര വരുമാനത്തിന്റെ കണക്കില്‍ മാറ്റമില്ല. 2025ല്‍ 43 ബില്യന്‍ റിയാലാണ് എണ്ണയിതര വരുമാനത്തിന്റെ പ്രതീക്ഷ.
മൊത്തം ചെലവുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ധനവുണ്ട്. 2025ല്‍ പ്രതീക്ഷിക്കുന്ന ചെലവ് 210.2 ബില്യന്‍ റിയാലാണ്. പ്രതീക്ഷിക്കുന്ന കമ്മി 13.2 ബില്യണ്‍ റിയാലിന്റേതായിരിക്കുമെങ്കിലും ഇത് ആഭ്യന്തര, വിദേശ കടങ്ങളിലൂടെ നികത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കുള്ള വിഹിതം 41.4 ബില്യണ്‍ റിയാല്‍ ആയിരിക്കുമെന്ന് ധനമന്ത്രി സ്ഥിരീകരിച്ചു. ഇത് മൊത്തം ബജറ്റിന്റെ 20 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. സാമ്പത്തിക വൈവിധ്യവത്ക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായി വ്യാപാരവും വ്യവസായവും, ഗവേഷണവും നവീകരണവും, ടൂറിസം, ഡിജിറ്റല്‍ പരിവര്‍ത്തനം, വിവര സാങ്കേതിക വിദ്യ എന്നിവ ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലകള്‍ക്കും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ അനുവദിച്ചിട്ടുണ്ട്.
2025-ലെ ശമ്പളവും വേതന വിഹിതവും 2024നെ അപേക്ഷിച്ച് 5.5 ശതമാനം വര്‍ധിച്ച് 67.5 ബില്യണ്‍ റിയാലിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിലവിലെ ചെലവുകള്‍ക്കുള്ള വിഹിതം 6.3 ശതമാനവും ദ്വിതീയ മൂലധന ചെലവില്‍ 7.7 ശതമാനവും വര്‍ധിച്ചു. തന്ത്രപരവും വികസനപരവുമായ പദ്ധതികളുടെ തുടര്‍ നടത്തിപ്പിനെ പിന്തുണയ്ക്കുന്നതിനായി പ്രധാന മൂലധന ചെലവ് ബജറ്റില്‍ 1.4 ശതമാനം നേരിയ വര്‍ദ്ധനയുണ്ടായി.
ഞായറാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഖത്തറിന്റെ പൊതു ബജറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി വ്യക്തമാക്കും.

