
ദോഹ: യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച സമാപിക്കും. ആറുമാസം നീണ്ട ആഘോഷങ്ങള്‍ക്കാണ് ഗറാഫ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറു മുതല്‍ സമാപനം കുറിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെയ് 30ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വനിതകള്‍ക്കായി വെയിറ്റ് ലോസ് മത്സരവും കുട്ടികള്‍ക്ക് ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ പഞ്ചഗുസ്തി, വടംവലി മത്സരങ്ങളും നടത്തി.

സമാപനത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ കരാത്തെ, കുങ്ഫു, വുഷു ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കും. വെള്ളിയാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ ഖത്തര്‍ ബോക്സിംഗ് ആന്റ് റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റും ഖത്തറിലെ ആദ്യ പ്രൊഫഷണല്‍ ബോക്സറുമായ ശൈഖ് ഫഹദ് ഖാലിദ് അല്‍ താനി മുഖ്യാതിഥിയായി പങ്കെടുക്കും.
ഖത്തര്‍ കരാത്തെ ഫെഡറേഷന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായ യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഇന്റര്‍നാഷണലിന്റെ ഗ്രാന്റ് മാസ്റ്ററും സ്ഥാപകനുമായ സിഫു ഡോ. ആരിഫ് സി പിയെ ചടങ്ങില്‍ ആദരിക്കും.
ഇന്ത്യന്‍ നാഷണല്‍ താരങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്ന വിവിധ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രദര്‍ശനം, പ്രമുഖ ഗായകര്‍ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്ന്, തന്നൂറ തുടങ്ങി വിവിധ കലാ- കായിക പരിപാടികളാണ് സമാപന ചടങ്ങില്‍ നടക്കുന്നത്.
മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫ്രീ പാസ് മുഖേനയാണ് ചടങ്ങിലേക്ക് പ്രവേശനം.
വാര്‍ത്താ സമ്മേളനത്തില്‍ യു എം എ ഐ സ്ഥാപകനും ഗ്രാന്റ് മാസ്റ്ററുമായ സിഫു ഡോ. ആരിഫ് സി പി, ഡയറക്ടര്‍ ഷിഹാന്‍ നൗഷാദ് കെ മണ്ണോളി, സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷന്‍സ് ഹെഡ് ഷാനിബ് ശംസുദ്ദീന്‍, യു എം എ ഐ പി ആന്‍ ഇന്‍ചാര്‍ജ് ഉബൈദ് സി കെ, കുങ്ഫു അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, യു എം എ ഐ സെക്രട്ടറി ഷബീര്‍ വാണിമേല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്ല പൊയില്‍ എന്നിവര്‍ പങ്കെടുത്തു.

